പ്രളയദുരിതാശ്വാസത്തില്‍ നിന്നും 143.54 കോടി വെട്ടിക്കുറച്ച് കേന്ദ്രം

ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക സംസ്ഥാന ദുരന്തനിവാരണനിധി (എസ്ഡിആര്‍എഫ്.)യില്‍ ചെലവഴിക്കാതെ ബാക്കി വന്നെന്ന് വ്യക്തമാക്കി കേരളത്തിന് പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസത്തില്‍ നിന്നും 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടില്‍ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണ് ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ 10-ന് ഇറക്കിയ ഉത്തരവില്‍ പ്രഖ്യാപിച്ച 2304.85 കോടി രൂപ അനുവദിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ആറിന് ചേര്‍ന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എന്‍ഡിആര്‍എഫ്)യില്‍ നിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നാണ് നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടില്‍ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും വെട്ടിക്കുറച്ചത്.

തുക കുറച്ചാണ് ഖജനാവിലേക്ക് കിട്ടിയതെന്ന് എസ്ഡിആര്‍എഫിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എസ്.ഡി.ആര്‍.എഫിലേക്ക് മുന്‍വര്‍ഷം അനുവദിച്ചത് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതുകുറച്ചാണ് പിന്നീട് കേന്ദ്രം തുക അനുവദിക്കുകയെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ വെട്ടിച്ചുരുക്കിയ തുക പിന്നീട് നല്‍കാറില്ലെന്നും അധികൃതര്‍ പറയുന്നു.

ലോകബാങ്കും യു.എന്നും നടത്തിയ പഠന പ്രകാരം സംസ്ഥാനത്തിന് 31,000 കോടിയുടെ നഷ്ടം പ്രളയം മൂലം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രളയനഷ്ടത്തിന് 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെയാണ് ഫണ്ടിലെ വെട്ടിച്ചുരുക്കല്‍. പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും 265. 74 കോടി കേന്ദ്രത്തിന് തിരിച്ചുനല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പറഞ്ഞിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: