കംപ്യൂട്ടര്‍ നിരീക്ഷണത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശ മാധ്യമങ്ങളും

ഇന്നത്തെ ദ ടെലഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയുടെ തലക്കെട്ട് Snoopendra Modi Logs in എന്നാണ്. കര്‍ട്ടന്‍ നീക്കി നോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കാണാം. വ്യക്തികളുടെ കംപ്യൂട്ടറിലും മൊബൈലുകളിലുമുള്ള വിവരങ്ങള്‍ നിരീക്ഷിക്കാന്‍ രാജ്യത്തെ 10 അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ് സംബന്ധിച്ചാണ് വാര്‍ത്ത. വ്യക്തികളുടെ സൗകാര്യ വിവരങ്ങളിലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നുഴഞ്ഞുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് വരുന്നത്. ഈ സാഹചര്യത്തില്‍ പിന്തുടരല്‍, നിരീക്ഷണം, ഒളിഞ്ഞുനോട്ടം എന്നെല്ലാം അര്‍ത്ഥം വരുന്ന nsooping എന്ന വാക്കുപയോഗിച്ച് ശ്രദ്ധേയമായ തലക്കെട്ട് നല്‍കിയിരിക്കുകയാണ് ടെലഗ്രാഫ്.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ കൗതുകകരമായി തലക്കെട്ടുകളായി ടെലഗ്രാഫിന്റെ മുന്‍ പേജില്‍ മുമ്പും പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുപോലൊന്നാണ് ഇന്നത്തെ ‘സനൂപ്പേന്ദ്ര’. ടെലിഗ്രാഫ് ഓണ്‍ലൈന്‍ പ്രിന്റ് എഡിഷനേക്കാള്‍ കുറച്ചുകൂടി കടുപ്പിച്ച് ഇങ്ങനെ തലവാചകം നല്‍കി – Narendra ‘Snoopendra’ Modi logs into our digital വേള്‍ഡ്.

കേന്ദ്ര സര്‍ക്കാറിന്റെ വിവരം ചോര്‍ത്തല്‍ ഉത്തരവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. കമ്പ്യൂൂട്ടറുകളും മൊബൈലുകളും നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. ഇന്ത്യയെ പൊലീസ് രാജ്യമാക്കിയാലും മോദിക്ക് തന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എത്ര അരക്ഷിതനായ സ്വേച്ഛാധിപതിയാണ് താങ്കളെന്നും രാഹുല്‍ ട്വിറ്ററില്‍ രോഷം പൂണ്ടു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യത്ത് പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. രാജ്യത്തെ പൗരന്‍മാരുടെ കമ്പ്യൂട്ടറുകളും മൈാബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഇതിനായി പത്ത് ഏജന്‍സികള്‍ക്കാണ് അധികാരം നല്‍കിയിരിക്കുന്നത്. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും സൂക്ഷിച്ചിട്ടുള്ള ഏതു ഡാറ്റയും പിടിച്ചെടുക്കാനും പരിശോധിക്കാനും ഏജന്‍സികളെ ഏര്‍പ്പെടുത്തി കൊണ്ടാണ് ഉത്തരവ്.

എന്‍.ഐ.എ, സി.ബി.ഐ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തുടങ്ങിയ ഏജന്‍സികള്‍ക്കും നികുതി പരിശോധനാ വിഭാഗത്തിനും ഈ ഉത്തരവ് പ്രകാരം ഡേറ്റകള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കാനാവും. ഇതോടെ സൈബര്‍ സ്വകാര്യത രാജ്യത്ത് ഇല്ലാതാകുന്ന അവസ്ഥയാണ് സംജാതമാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. അതേസമയം, രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവില്‍ ആശങ്ക വേണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

 

ഡികെ

Share this news

Leave a Reply

%d bloggers like this: