ഇറാഖില്‍ ക്രിസ്മസ് ഔദ്യോഗിക അവധിയാക്കി; സ്വാഗതം ചെയ്ത് ലോകം

ബഗ്ദാദ്: ഇസ്്ലാമിക രാഷ്ട്രമായ ഇറാഖ് ക്രിസ്മസിനെ ദേശീയ അവധിയായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്ത് ലോകം. ഇറാഖില്‍ ഇതുവരെ ക്രിസ്ത്യാനികള്‍ക്കു മാത്രമായിരുന്നു ക്രിസ്മസ് ദിനത്തില്‍ അവധി നല്‍കിയിരുന്നത്. അവധികള്‍ സംബന്ധിച്ച ചട്ടത്തില്‍ ഭേദഗതി വരുത്തിയ ഇറാഖി മന്ത്രിസഭ ക്രിസ്മസിനെക്കൂടി ദേശീയ അവധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇറാഖിലെ ക്രിസ്ത്യന്‍ പൗരന്മാര്‍ക്കും എല്ലാ ഇറാഖികള്‍ക്കും ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്കും ഹാപ്പി ക്രിസ്മസ് ആശംസിച്ചുകൊണ്ടാണ് തീരുമാനം സര്‍ക്കാര്‍ അറിയിച്ചത്.

95 ശതമാനത്തോളം മുസ്ലീങ്ങളുള്ള രാജ്യമാണ് ഇറാഖ്. ഇതില്‍ 66 ശതമാനത്തോളം ഷിയ വിശ്വാസികളും 29 ശതമാനത്തോളം സുന്നി വിശ്വാസികളുമാണ്. മൂന്നുലക്ഷത്തോളം ക്രിസ്ത്യാനികള്‍ മാത്രമേ ഇറാഖിലുള്ളൂ. അര്‍മീനിയക്കാര്‍, അറബികള്‍, കുര്‍ദുകള്‍, ഇറാഖി തുര്‍ക്ക്‌മെന്‍ തുടങ്ങിയവരാണ് ജനസംഖ്യയിലെ ശേഷിച്ചവര്‍. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് ഇറാഖില്‍ 14 ലക്ഷത്തോളം ക്രിസ്ത്യാനികളുണ്ടായിരുന്നു. ആഭ്യന്തര കലാപവും യുദ്ധവും രൂക്ഷമായതോടെ കുറേയധികം പേര്‍ കൊല്ലപ്പെട്ടു.

ശേഷിച്ചവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. പിന്നീട് ഐസസിസ് ഭീകരര്‍ പിടിമുറുക്കിയപ്പോഴും ക്രിസ്ത്യാനികള്‍ വലിയതോതില്‍ ഉപദ്രവം നേരിടേണ്ടിവന്നു. ഐസിസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ക്രിസ്ത്യാനികള്‍ ഉയര്‍ന്ന നികുതി അടയ്ക്കുകയോ ഇസ്ലാമിലേക്ക് മാറുകയോ ചെയ്യേണ്ടിവന്നു. അല്ലാത്തവരെ ഭീകരര്‍ വധിക്കുകയും ചെയ്തു.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് ഇറാഖില്‍ ക്രിസ്മസ് ആഘോഷം നടക്കാറുള്ളത്. ബാഗ്ദാദിലെ സെന്റ് ജോര്‍ജ് ചാല്‍ഡീന്‍ പള്ളിയിലാണ് പ്രധാനമായും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അസീറിയക്കാര്‍ കൂടുതലായി താമസിക്കുന്ന ക്വാറഖോഷിലെ അല്‍-താഹിറ അല്‍ കുബ്ര പള്ളിയിലും മാര്‍ അഡ്ഡായി ചാല്‍ഡീന്‍ പള്ളിയിലും വിശ്വാസികള്‍ ഒരുമിച്ചുകൂടി ക്രിസ്മസ് ആഘോഷിച്ചു.

Share this news

Leave a Reply

%d bloggers like this: