സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് പതിനാല് വയസ്

ആധുനിക ലോകം കണ്ട ഏറ്റവും വലിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച് രാക്ഷസത്തിരമാലകള്‍ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെ. ക്രിസ്മസ് ആഘോഷ ലഹരി വിട്ട് മാറുന്നതിന് മുന്‍പാണ് തൊട്ടടുത്ത ദിവസം വടക്കന്‍ സുമാത്രയിലുണ്ടായ കടല്‍ ഭൂകമ്പമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.1-9.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദീര്‍ഘമായ ഭൂചലനമായിരുന്നു.

ഇന്ത്യന്‍ സമുദ്രത്തില്‍ നൂറടി വരെ ഉയരത്തില്‍ പാഞ്ഞെത്തിയ തിരമാലകള്‍ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ആയിരുന്നു. ഇന്ത്യയില്‍ കേരളതീരങ്ങള്‍, കന്യാകുമാരി, ചെന്നൈ , ആന്ധ്ര, പുതുച്ചേരി, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്.പതിനാറായിരം ജീവനുകളാണ് ആഞ്ഞടിച്ചെത്തിയ തിരയില്‍ പൊലിഞ്ഞത്. തമിഴ്നാട്ടില്‍ മാത്രം ഏഴായിരം മരണം. കേരളത്തില്‍ 236 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും കനത്ത നാശം ഉണ്ടായത് ആലപ്പുഴ കൊല്ലം ജില്ലകളില്‍. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു.

ഭൂകമ്പത്തിന് സുനാമിക്കുമിടയില്‍ അനേകം മണിക്കൂറുകള്‍ ഉണ്ടായിരുന്നെങ്കിലും ഏല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് തിരമാലകളുടെ താണ്ഡവം ഉണ്ടായത്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം മൂലം, ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാനായില്ല. സുനാമിക്ക് ശേഷം, ഇന്ത്യന്‍ ഓഷന്‍ സുനാമി വാണിംഗ് ആന്റ് മൈറ്റിഗേഷന്‍ സംവിധാനം നിലവില്‍ വരുകയും ഭൗമവ്യതിയാനങ്ങള്‍ നിരീക്ഷിക്കുകയും ഭീമന്‍ തിരമാലകളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായി മാറി ആ സുനാമി. ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികളും ഭരണകൂടങ്ങളും ഒന്നിച്ചുനിന്നാണ് ആ ദുരന്തത്തെ അതിജീവിച്ചത്. പതിനാലു വര്‍ഷങ്ങള്‍…. സൂനാമിയില്‍ തകര്‍ന്ന തീരങ്ങള്‍ പലതും പുനര്‍നിര്‍മ്മിക്കപ്പെട്ടു. പക്ഷെ, അന്ന് കൈവിട്ട ജീവിതം പലര്‍ക്കും ഇനിയും തിരികെ പിടിക്കാനായിട്ടില്ല. ആ ദുരന്തത്തില്‍ നിന്ന് ലോകം ഏറെ പടങ്ങള്‍ പഠിച്ചു. ഇന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ സൂനാമി മുന്നറിയിപ്പ് സംവിധാനമുണ്ട്. എങ്കിലും മനുഷ്യന്റെ ഏല്ലാ സംവിധാനങ്ങളെയും തോല്‍പ്പിച്ചു പ്രകൃതി ഇടയ്ക്കിടെ ആഞ്ഞടിക്കുന്നു. ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസവും അഞ്ഞൂറ് പേരുടെ ജീവനെടുത്തു സുനാമിത്തിരകള്‍.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: