യുനെസ്‌കോയില്‍ നിന്ന് പിന്മാറി യുഎസും ഇസ്രായേലും

പാരിസ്: ഐക്യ രാഷ്ട്ര സഭയുടെ (യു.എന്‍) വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌ക്കാരിക ഏജന്‍സിയായ യുനെസ്‌കോയിലെ അംഗത്വം യുഎസും ഇസ്രയേലും ഔദ്യോഗികമായി ഉപേക്ഷിച്ചു. യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ മുന്‍വിധി വച്ചുപുലര്‍ത്തുന്നുവെന്നാരോപിച്ച് ഒരു വര്‍ഷമായി നിലനിന്ന അനിശ്ചിതത്വം അവസാനിപ്പിച്ചാണ് ഇരു രാജ്യങ്ങളും ഏജന്‍സിയെ കൈയൊഴിഞ്ഞത്. ഈ ഉപേക്ഷിക്കല്‍ ഒരു നടപടിക്രമം മാത്രമാണെങ്കിലും രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കാന്‍ യുഎസ് കൂടി മുന്‍കൈയെടുത്ത് സ്ഥാപിച്ച ഏജന്‍സിയെ യുഎസ് ഉപേക്ഷിച്ചത് യുനെസ്‌കോക്ക് തിരിച്ചടിയായി. 2017 ഒക്ടോബറിലാണ് യുനെസ്‌കോ അംഗത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കുകയായിരുന്നു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും തീരുമാനം സംഘടനയ്ക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍. 2017 ഒക്ടോബറില്‍ തന്നെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം യുനെസ്‌കോയില്‍ നിന്ന് പുറത്തുപോകുകയാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിറകെ ഇസ്രായേലും സമാനമായ നടപടിയുമായി രംഗത്തെത്തി. യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇരു രാഷ്ട്രങ്ങളും നോട്ടീസ് നല്‍കിയിരുന്നത്.

കിഴക്കന്‍ ജറൂസലമിലെ ഇസ്രായേല്‍ കയ്യേറ്റത്തെ എതിര്‍ക്കുകയും ജൂത കേന്ദ്രങ്ങളെ ഫലസ്തീന്‍ പൈതൃക ഇടങ്ങളായി പ്രഖ്യാപിക്കുകയും 2011ല്‍ ഫലസ്തീന് മുഴു അംഗത്വം നല്‍കിയതുമാണ് യുനെസ്‌കോയ്ക്കെതിരായ യുഎസ്, ഇസ്രായേല്‍ നിലപാടിന് കാരണം. ഇരു രാജ്യങ്ങളുടെ പുറത്ത് പോയത് നിലവിലെ സാഹചര്യത്തില്‍ യുനെസ്‌കോയെ സാമ്പത്തികമായി ബാധിക്കില്ല. ഫലസ്തീന് അംഗത്വം നല്‍കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും 2011 മുതല്‍ യുനെസ്‌കോയ്ക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

ജൂതര്‍ക്ക് ജെറുസലേമുമായുള്ള ബന്ധമടക്കം ,ചരിത്രത്തെ തുടര്‍ച്ചയായി തിരുത്തി എഴുതിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് യുനെസ്‌കോ. മനപ്പൂര്‍വം ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ അംഗമായിരിക്കാന്‍ ഞങ്ങളില്ല’- ഇസ്രയീലിന്റെ യു.എന്‍ അംബാസിഡര്‍ ഡാനി ഡാനന്‍ പറഞ്ഞു. അമേരിക്ക യുനെസ്‌കോയില്‍ നിന്നും പുറത്തു പോകും എന്ന് 2017ല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയീലും ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നിരുന്നു. ‘സംഘടന അവരുടെ ശൈലി മാറ്റുമെന്ന് ഞങ്ങള്‍ കരുതുന്നു, എന്നാല്‍ ഞങ്ങള്‍ ഇതിനു മേലെ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. അതു കൊണ്ട് സംഘടന വിടുമെന്ന ഉത്തരവ് നിലനില്‍ക്കും’- ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: