അനധികൃത ഇടപാടുകള്‍ വ്യാപകമാകുന്നു; ക്രിപ്റ്റോ കറന്‍സി കമ്പനികള്‍ നിരീക്ഷണത്തില്‍

വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ്കോയിനുകളുടെ വിനിമയം സംബന്ധിച്ച് പലപ്പോഴും ആശങ്കകള്‍ നിലനിന്നിരുന്നു. സാധാരണ കറന്‍സികളെപ്പോലെയല്ല ഇവയുടെ മൂല്യനിര്‍ണയം. കറന്‍സി നോട്ടുകള്‍ സാമ്പത്തികരംഗത്തിന്റെ സ്വാഭാവികപ്രതികരണത്തിന് വിധേയമായിരിക്കുമ്പോള്‍ ഇതില്‍ നിന്നു മാറി വേറിട്ടൊരു സ്വഭാവം കാണിക്കുന്ന ക്രിപ്റ്റോകറന്‍സികളില്‍ ആദ്യമേ സംശയമുണ്ടായിരുന്നു. അതിന് ആക്കം കൂട്ടുന്ന സംഭവങ്ങളാണ് പുതുതായി ഉണ്ടായിരിക്കുന്നത്. ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ നിരവധി ഉപയോക്താക്കള്‍ വഞ്ചിതരായതോടെ നിരീക്ഷകസമിതിയായ ഫിനാന്‍ഷ്യല്‍ കണ്‍ട്രക്ഷന്‍ അതോറിറ്റി കമ്പനികള്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണിപ്പോള്‍.

ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ ഉപയോഗിച്ചുള്ള 70ഓളം ഇടപാടുകളാണ് സംശയാസ്പദമായി ഫിനാന്‍ഷ്യല്‍ കണ്‍ട്രക്ഷന്‍ അതോറിറ്റി കണ്ടെത്തിയത്. 18 കമ്പനികള്‍ക്കെതിരേ സമിതി അന്വേഷണം ആരംഭിച്ചു. ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കെതിരേ സര്‍ക്കാരില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വെര്‍ച്വല്‍ കറന്‍സികളുടെ വ്യാപനം അധോലോകപ്രവര്‍ത്തനങ്ങളെ സഹായിക്കാനാണെന്ന വാദത്തിനു ബലമേറിയിരിക്കുകയാണ്. മയക്കുമരുന്നു കച്ചവടക്കാര്‍ രാജ്യത്തെ ബിറ്റ്കോയിന്‍ കാഷ് മെഷീനുകളിലൂടെ പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരം തട്ടിപ്പുകളെ നിയന്ത്രിക്കാനായി കോമണ്‍ ട്രഷറി കമ്മിറ്റിയിലെ എംപിമാര്‍ നിയമനിര്‍മാണം ആവശ്യപ്പെടുകയും ചെയ്തു.

ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റിയിലെ വിദഗ്ധനായ ക്രിസ്റ്റഫര്‍ വൂളാര്‍ഡ്, കഴിഞ്ഞ മാസം തന്നെ ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാനിടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിറ്റ്കോയിന്‍ ഒരു വലിയ സാമ്പത്തിക തട്ടിപ്പാണെന്നും അത്തരം നിക്ഷേപങ്ങളില്‍ ആകൃഷ്ടരാകുന്ന ആളുകള്‍ക്ക് വന്‍തുകകള്‍ നഷ്ടപ്പെടാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിറ്റ്കോയിന്‍ 2017ലാണ് വലിയ ജനപ്രീതി നേടിയത്. ബിറ്റ് കോയിനിന്റെ മൂല്യം മാനം മുട്ടെ ഉയര്‍ന്നതോടെ ഇതില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ടാണ് ഇതിന്റെ മൂല്യം വര്‍ധിച്ചത്. ഇതോടെ ഇതൊരു ചൂതാട്ടക്കാരുടെ മേഖലയായി മാറി.

2017ല്‍ ബിറ്റ്കോയിനിന്റെ മൂല്യം 1,000 ഡോളറില്‍ നിന്ന് ഞൊടിയിടയില്‍ 20,000 ഡോളര്‍ വരെ ഉയര്‍ന്നു. ഇതോടെ വലിയൊരു വിഭാഗം ഇതില്‍ ആകൃഷ്ടരായി. എന്നാല്‍ 2018 ല്‍ അത് ഒറ്റയടിക്ക് കുറഞ്ഞു, ഇപ്പോള്‍ ഒരു ബിറ്റ്കോയിനിന്റെ മൂല്യം 4,000 ഡോളറില്‍ താഴെയെത്തിയിരിക്കുന്നു. നിരവധി പേര്‍ ബിറ്റ്കോയിനിനെ ചൂതാട്ടത്തിനുള്ള ഉപാധിയായി കാണുന്നു. ബിറ്റ്കോയിന്‍ ചൂതാട്ടത്തിന്റെ പ്രയോജനം നേടാന്‍ സമാനമായ ഇന്റര്‍നെറ്റ് കറന്‍സികളുടെ ഒരു പട തന്നെ ഇറങ്ങിയിട്ടുണ്ട്.

സംഘടിത കുറ്റകൃത്യങ്ങളുടെ ലോകത്ത് ഇന്ന് ഏറ്റവും വലിയ ഭീഷണിയായി പൊലീസ് കാണുന്നത് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികളെയാണ്. വലിയ തോതില്‍ പണം മറിക്കാന്‍ ഇത്തരം കാഷ് മെഷീനുകള്‍ അവസരം നല്‍കുന്നതായി ക്രിമിനല്‍ സംഘങ്ങള്‍ മനസിലാക്കിയിരിക്കുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ചൂതാട്ടസംഘങ്ങളും പന്തയംവെപ്പുകാരുമാണ് സാധാരണയായി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ ഏറിയകൂറും. എന്നാല്‍ താമസിയാതെ ഇവരെ ക്രിപ്റ്റോകറന്‍സികള്‍ പിന്നിലാക്കുന്നതു കാണാനാകുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

തികച്ചും തട്ടിപ്പ് നടത്തുന്ന സംവിധാനമാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ സംവിധാനത്തെ അനുകൂലിക്കുന്ന റെഗുലേറ്റര്‍മാരുടെ നിലപാട് അഴിമതിക്കാര്‍ക്ക് പ്രോല്‍സാഹനമാകുന്നു. ഇത് സ്ഥിതി കൂടുതല്‍ അപകടകരമാക്കുന്നു. മുമ്പ് ബിറ്റ്കോയിനുള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ജനങ്ങളെ പറ്റിക്കാനുള്ള ഉപാധി ആയിരുന്നില്ല. അഴിമതികള്‍ അത്രകണ്ട് വ്യാപകമല്ലാതിരുന്നതിനാലും പെട്ടെന്നു കണ്ടെത്താന്‍ കഴിയുമായിരുന്നതിനാലുമാണത്. എന്നാല്‍ ക്രിപ്റ്റോകറന്‍സിയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ തിരിഞ്ഞതോടെ അഴിമതികള്‍ കൂടുതല്‍ ഗൗരവമുള്ളതും ജനങ്ങളുടെ സ്വാഭാവിക ജാഗ്രത നഷ്ടപ്പെടുത്തുന്നതുമായി.

Share this news

Leave a Reply

%d bloggers like this: