വിക്കിപീഡിയ പിറവിയെടുത്തിട്ട് പതിനെട്ട് വര്‍ഷം തികഞ്ഞു

ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ പിറവിയെടുത്തിട്ട് 18 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഒരു മനുഷ്യനായിട്ട് പരിഗണിക്കുകയാണെങ്കില്‍ വിക്കിപീഡിയ പ്രായപൂര്‍ത്തിയിലെത്തിയെന്നു പറയാം. ഒരു വീട്ടില്‍ മാതാപിതാക്കള്‍ നല്ല ശീലങ്ങള്‍ പകര്‍ന്നു നല്‍കി കുട്ടികളെ വളര്‍ത്തിയെടുക്കാറില്ലേ, അതു പോലെയാണ് ഇന്റര്‍നെറ്റില്‍ പൊതുജനപങ്കാളിത്തത്തോടെ നല്ല ശീലങ്ങള്‍ പകര്‍ന്നു നല്‍കി വിക്കിപീഡിയയെയും വളര്‍ത്തിയത്. 2019 ജനുവരി 15ന് 18 വയസ് പൂര്‍ത്തിയാക്കിയ വിക്കിപീഡിയയില്‍ ഇന്ന് ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായി 5.7 ദശലക്ഷം ലേഖനങ്ങള്‍ ഉണ്ട്. വിക്കിപീഡിയയില്‍ ഓരോ മാസവും ചുരുങ്ങിയത് 20,000 ലേഖനങ്ങളെങ്കിലും സംഭാവന ചെയ്യുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം വിക്കിപീഡിയ സന്ദര്‍ശിച്ചത് 92 ബില്യന്‍ പേരാണ്. യാഥാര്‍ഥ്യങ്ങള്‍ നിഷ്പക്ഷതയോടെ നോക്കിക്കാണാനുള്ള മാധ്യമങ്ങളുടെ ശക്തി ക്ഷയിച്ചതോടെയാണു വിക്കിപീഡിയയുടെ പ്രാധാന്യം ഏറി വന്നത്. ഗൂഢാലോചന നിറഞ്ഞ ഇന്നത്തെ ലോകത്തില്‍, ഘടനാപരമായ വിഭജനവും, സാങ്കേതികപരമായ മാറ്റവും, വംശീയവും, മതപരവുമായ സംഘര്‍ഷങ്ങളും ആഴത്തില്‍ ധ്രുവീകരണം സൃഷ്ടിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണു വിക്കിപീഡിയ പോലൊരു സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പ്രസക്തി ലോകത്തിനു ബോധ്യപ്പെട്ടത്.

2001 ജനുവരി 15ന് രൂപം കൊണ്ടതിനു ശേഷം ഇക്കാലത്തിനിടെ വിക്കിപീഡിയയെ കുറിച്ചു പൊതുവായുള്ള മതിപ്പിലും വലിയ മാറ്റങ്ങളാണു സംഭവിച്ചത്. ഇന്ന് ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ സിരി, ആമസോണിന്റെ അലക്സ, ഗൂഗിള്‍ ഹോം എന്നിവയോട് പൊതുവിജ്ഞാനം സംബന്ധിച്ച ഒരു ചോദ്യം ചോദിച്ചാല്‍ അതു വിക്കിപീഡിയയില്‍നിന്ന് പ്രതികരണം എടുക്കാനാണു കൂടുതല്‍ സാധ്യത. 400-ല്‍ അധികം ജുഡീഷ്യല്‍ അഭിപ്രായങ്ങളില്‍ വിക്കിപീഡിയയെയാണ് ഉദ്ധരിച്ചിരിക്കുന്നതെന്നു യേല്‍ സര്‍വകലാശാലയുടെ ജേണല്‍ ഓഫ് ലോ & ടെക്നോളജി 2010-ല്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറില്‍ ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗത രീതിയില്‍ അസൈന്‍മെന്റുകള്‍ എഴുതി സമര്‍പ്പിക്കുന്നതിനു പകരം അസൈന്‍ ചെയ്തിരിക്കുന്ന വിഷയത്തെ കുറിച്ചു വിക്കിപീഡിയയില്‍ പുതിയ പേജ് സൃഷ്ടിക്കാനോ, അല്ലെങ്കില്‍ ആ വിഷയത്തെ കുറിച്ചു നിലവിലുള്ള ലേഖനം വികസിപ്പിക്കാനോ ശ്രമിക്കണമെന്നാണു വിദ്യാര്‍ഥികളോട് അനേകം പ്രഫസര്‍മാര്‍ ഇന്ന് ആവശ്യപ്പെടുന്നത്.

ഇന്നു നവമാധ്യമങ്ങള്‍ ഏറ്റവുമധികം നേരിടുന്ന വെല്ലുവിളി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ്. ഫേസ്ബുക്കും, ട്വിറ്ററും, ഗൂഗിളുമൊക്കെ ഇക്കാര്യത്തില്‍ വലിയ പരാജയമായി തീരുകയും ചെയ്തു. എന്നാല്‍ വിക്കിപീഡിയ ഇവിടെ വ്യത്യസ്തരായി. എങ്ങനെയാണു വ്യാജ വാര്‍ത്ത പ്രശ്നത്തെ നേരിട്ടതെന്ന ചോദ്യത്തിന്, ഒരു പക്ഷേ വ്യാജ വാര്‍ത്ത നീക്കം ചെയ്യാന്‍ വിക്കിപീഡിയ സമൂഹം തന്നെ സന്നദ്ധരാവുന്നതു കൊണ്ടായിരിക്കാം വ്യാജ വാര്‍ത്ത ബാധിക്കാതിരുന്നതെന്നു വിക്കിപീഡിയയുടെ സഹസ്ഥാപകന്‍ ജിമ്മി വെയ്ല്‍സ് പറഞ്ഞു. ഒരു യൂസര്‍ വിക്കിപീഡിയയില്‍ മോശം വിവരം പോസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍, ആ മോശപ്പെട്ട വിവരം നീക്കം ചെയ്യാന്‍ മറ്റ് യൂസര്‍മാര്‍ക്ക് വി്ക്കിപീഡിയ അനുവാദം നല്‍കിയിട്ടുണ്ട്. ഈയൊരു പ്രത്യേകതയാണു മറ്റു നവമാധ്യമങ്ങളില്‍നിന്നും വിക്കിപീഡിയയെ വ്യത്യസ്തമാക്കുന്നത്.

വിക്കിപീഡിയ എന്നത് ഓണ്‍ലൈന്‍ വിജ്ഞാനകോശമാണല്ലോ. ഈ വിജ്ഞാനകോശത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതിനു വിക്കിപീഡിയ സമൂഹം എഡിറ്റിംഗ് ബോട്ട് പോലുള്ള ഓട്ടോമേറ്റഡ് ടെക്നോളജികളെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കണ്ടന്റ് ലംഘനത്തിന് സാധ്യതയുള്ള വീഡിയോ സ്‌കാന്‍ ചെയ്യാന്‍ യു ട്യൂബ് കണ്ടന്റ് ഐഡി (Content ID) ഡാറ്റാബേസ് ഉപയോഗിക്കുമ്പോള്‍, കണ്ടന്റിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിക്കിപീഡിയ സമൂഹം എഡിറ്റിംഗ് ബോട്ടിനെ പ്രയോജനപ്പെടുത്തുന്നു. 2005-ല്‍ നേച്ചര്‍ എന്ന പ്രമുഖ മാസിക നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്, വിക്കിപീഡിയയിലെ ശാസ്ത്രവിഷയ സംബന്ധിയായ ലേഖനങ്ങള്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ നിലവാരം പുലര്‍ത്തുന്നതാണെന്നായിരുന്നു. ഇന്ന് ആഗോളതലത്തില്‍ വിക്കിപീഡിയയ്ക്ക് 73,000 ആക്റ്റീവ് എഡിറ്റര്‍മാരുണ്ടെന്നു കരുതപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് ഏറ്റവുമധികം ലേഖനങ്ങളുള്ളത്.

Share this news

Leave a Reply

%d bloggers like this: