തണുത്തു വിറച്ച് ആര്‍ട്ടിക് മേഖല; താപനില മൈനസ് 60 ഡിഗ്രിയിലേക്ക്; യുഎസിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും ദുരിതത്തില്‍

കൊടുംശൈത്യത്തിന്റെ പിടിയിലാണ് ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍. മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്. താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകര്‍.

1985 ജനുവരി 20 ന് ചിക്കാഗോയില്‍ രേഖപ്പെടുത്തിയ മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. എന്നാല്‍ വരും ദിനങ്ങളില്‍ ഇത് ഇരട്ടിയോളം കുറയുമെന്നാണ് നിഗമനം. വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ അവശ്യസര്‍വീസുകളെ ശൈത്യം ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വിമാനഗതാഗതം സാരമായി ബാധിക്കപ്പെട്ടു.

അടിയന്തര ദുരിതാശ്വാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സുരക്ഷിതഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും അതിശൈത്യം അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിരവധി മലയാളികള്‍ താമസിക്കുന്ന ഷിക്കാഗോയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ്. കടുത്ത മഞ്ഞു കാറ്റും ഈ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ഇല്ലിനോയി, മിനസോട്ട, അയോവ തുടങ്ങി മിഡ് വെസ്റ്റ് സ്റ്റേറ്റുകളില്‍ അന്റാര്‍ട്ടിക്കയിലെക്കാള്‍ തണുപ്പാണ്. തടാകങ്ങളും നദികളും തണുത്തുറഞ്ഞു. ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന ശീതക്കാറ്റാണ് ഈ കൊടും തണുപ്പിനു പിന്നില്‍. മിനസോട്ടയില്‍ മൈനസ് 45 മുതല്‍ 65 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ താപനില താഴ്ന്നു.

ഷിക്കാഗോയില്‍ നാലിഞ്ച് ഉയരത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണമെന്നും ഡ്രൈവര്‍മാര്‍ അതീവശ്രദ്ധ ചെലുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ശൈത്യത്തെ തുടര്‍ന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ചയ്ക്കു ശേഷം യുഎസിലെ ശൈത്യത്തിന് കുറവുണ്ടാകുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: