നോ ഡീല്‍ ബ്രെക്സിറ്റ് നേരിടാന്‍ യൂറോപ്പ് തയ്യാറെടുക്കുന്നു

ഒരു ഉടമ്പടിയും കൂടാതെ മാര്‍ച്ച് 29നു യൂറോപ്യന്‍ യുണിയനില്‍ നിന്നും ബ്രിട്ടന്‍ വിട്ടുപോകുന്നതിനുള്ള സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതുണ്ടാക്കുന്ന സ്ഥിതി നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമമാരംഭിച്ചു. ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ ആ രാജ്യവുമായുള്ള വ്യപാരബന്ധവും മറ്റുതരം ബന്ധങ്ങളും കൈകാര്യം ചെയ്യുന്നതിന് ആയിരക്കണക്കിന് തൊഴിലാളികളെ നിയമിക്കുന്ന തിരക്കിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അതിനായി മില്യണ്‍ കണക്കിന് യൂറോ ചിലവഴിക്കുകയും ചെയ്യുന്നു. ഒരു കരാറുമില്ലാതെ ബ്രിട്ടന്‍ പിന്മാറുന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തെ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തവിധം പിടിച്ചുലക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ രാജ്യങ്ങള്‍.

വിമാനത്താവവളങ്ങളിലും യൂറോ ടണലിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ കസ്റ്റംസ് ഓഫീസര്‍മാരെ നിയമക്കുന്നതിനുമായി ഫ്രാന്‍സ് 50 മില്യണ്‍ യൂറോ ചിലവഴിക്കുകയാണ്. ബ്രിട്ടീഷ് യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക പാതകള്‍ ഒരുക്കുകയാണ് പോര്‍ച്ചുഗല്‍. രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്ന രാജ്യമാണ് ബ്രിട്ടന്‍. ബ്രെക്സിറ്റ് കരാര്‍ ഉണ്ടാകാത്ത പക്ഷം നിരവധി ബ്യുറോക്രാറ്റിക് പ്രശ്നങ്ങള്‍ തലപൊക്കും. അവ പരിഹരിക്കുന്നതിനുള്ള നടപടികളുമായി മുന്നേറുകയാണ് ജര്‍മ്മനി.

യൂറോപ്യന്‍ യൂണിയനില്‍ താമസസൗകര്യങ്ങള്‍ക്കുള്ള അവകാശം നഷ്ടപ്പെടുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്ത് താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള ചട്ടങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് നെതര്‍ലന്‍ഡ്സ് മുതല്‍ റൊമേനിയവരെയുള്ള രാജ്യങ്ങളിലെ ഗവണ്മെന്റുകളും ചെക് റിപ്പബ്ലിക്കും. തങ്ങളുടെ പൗരവ്യക്തികള്‍ക്ക് ഇതുപോലെയുള്ള സൗകര്യങ്ങള്‍ ബ്രിട്ടനും ഒരുക്കുമെന്നവര്‍ കരുതുന്നു.

ഏറ്റവും കടുത്ത ശൈഥില്യത്തിന് ഇരയാകാവുന്ന ബിട്ടനും ആയിരക്കണക്കിന് സിവില്‍ ഉദ്യോഗസ്ഥരെ അവ നേരിടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും ദൂഷ്യ ഫലങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിനായി ബില്യണ്‍ കണക്കിന് പൗണ്ട് ചിലവഴിക്കേണ്ടിവരും. കരാറൊന്നും കൂടാതെ ബ്രെക്സിറ്റ് നടപ്പായാല്‍ മാര്‍ച്ച് 30 നു എന്തായിരിക്കും സ്ഥിതിയെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു ഊഹവുമില്ല. കരാറൊന്നും കൂടാതെയാകും ബ്രിട്ടന്‍ പുറത്തു പോകുകയെന്നതാണ് തങ്ങളുടെ ഉറച്ച വിശ്വാസമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഇദ്വാ ഫിലിപ് പറഞ്ഞു. അത്തരമൊരു സ്ഥിതി നേരിടുന്നതിനുള്ള അടിയന്തിര പദ്ധതികളുടെ ഭാഗമായി 600 കസ്റ്റംസ് ഓഫീസര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും ഫ്രാന്‍സ് അധികമായി നിയമിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇവയെല്ലാം മാര്‍ച്ച് 30 നു മുമ്പുതന്നെ പ്രാവര്‍ത്തികമാകും. ബ്രെക്സിറ്റ് ബ്യുറോക്രാറ്റിക് മേഖലയിലുണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള ഒരു ബില്ലിനെക്കുറിച്ചാണ് ജര്‍മന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ദോഷങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: