ആവശ്യത്തിന് ജീവനക്കാരില്ല, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ ഇല്ല, വീണ്ടും സമരത്തിന് തയ്യാറെടുത്ത് നേഴ്സുമാര്‍

ഡബ്ലിന്‍: തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ തുടരുമെന്ന് INMO യുടെ പ്രസ്താവന. കഴിഞ്ഞ ജനുവരി 30 ന് ദേശീയ വ്യാപകമായി നടന്ന പണിമുടക്ക് ഈ മാസവും തുടരാന്‍ നേഴ്സുമാരുടെ സഘടന തീരുമാനിച്ചു. ഫെബ്രുവരി 5 ചൊവ്വാഴ്ചയും തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച 7, 12, 13, 14 തിയതികളോടൊപ്പം 19, 21 തിയ്യതികളിലും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യൂണിയന്‍ ഏറ്റവുമൊടുവില്‍ തീരുമാനമായി. ഇതോടെ ഈ മാസം ആരോഗ്യമേഖല നിശ്ചലാവസ്ഥയിലേക്കാണ് നീങ്ങുന്നത്. നേഴ്സുമാര്‍ ആവശ്യപ്പെട്ട ന്യായമായ ആവശ്യങ്ങള്‍ വരേദ്കര്‍ ഗവണ്‍മെന്‍ഡ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിരാകരിച്ചതിനെ തുടര്‍ന്നാണ് നേഴ്സുമാര്‍ ശക്തമായ പ്രക്ഷോപ പരിപാടികളിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി ഒന്‍പതിന് ദേശീയ തലത്തില്‍ റാലി സംഘടിപ്പിക്കാനും ആലോചനയുണ്ട്.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ INMO യുടെ ചരിത്രത്തിലെ ആദ്യ പണിമുടക്കാണ് കഴിഞ്ഞ ജനുവരിയില്‍ നടന്നത്. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്‌സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് നേഴ്സുമാര്‍ രംഗത്തെത്തിയത്. നേഴ്‌സിങ് സഘടനായ ഐ.എന്‍.എം.ഒ യ്ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും അതെല്ലാം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് INMO യില്‍ അംഗങ്ങളായ നാല്പത്തിനായിരത്തോളം നേഴ്‌സുമാരും ആറായിരത്തോളം സൈക്കാട്രിക് നേഴ്‌സുമാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം ഗവണ്മെന്റ് ഇപ്പോഴും നേഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അനുകൂല മനോഭാവം പ്രകടിപ്പിച്ചിട്ടില്ല. ഐറിഷ് ആരോഗ്യമേഖലയില്‍ ഉണ്ടായിരിക്കുന്ന സംഘടിത മുന്നേറ്റത്തിന് അടിയറവ് പറയേണ്ടി വരുമെന്ന് വന്നതോടെ എതിര്‍വാദങ്ങളുമായി മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. നേഴ്സുമാരും മിഡൈ്വഫുമാരും ആവശ്യപ്പെടുന്ന ശമ്പളവര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നാണ് ഗവണ്മെന്റിന്റെ നിലപാട്. ആരോഗ്യമേഖലയിലെ നേഴ്‌സുമാര്‍ക്ക് അധികമായി 300 മില്യണ്‍ യൂറോ ചിലവഴിക്കുക എന്നത് അസാധ്യമാണെന്നും, ബ്രെക്സിറ്റ് പ്രതിസന്ധിയ്ക്കിടയില്‍ ഇത് അനാവശ്യമാണെന്നുമാണ് ഗവണ്മെന്റിന്റെ വാദം. നേഴ്‌സിങ് യൂണിയന്‍ മുന്നോട്ടു വച്ചിരിക്കുന്ന പല ആവശ്യങ്ങളും ഗവണ്മെന്റ് നിരാകരിക്കുന്നു. അതേസമയം ഗവണ്‍മെന്റുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ പണിമുടക്കില്‍ ഉറച്ചുനില്‍കുമെന്നും INMO പ്രസിഡന്റ് ഫില്‍ നീ ഷീഗ്ദ പ്രസ്താവിച്ചു.

കഴിഞ്ഞ ബുധനാഴ്ച നടന്ന പണിമുടക്കില്‍ ഭൂരിഭാഗം നേഴ്‌സുമാരും രോഗികളുടെ സുരക്ഷ പരിഗണിച്ച് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍ നേഴ്‌സുമാര്‍ക്കെതിരെ വിരട്ടലുമായാണ് ഗവണ്മെന്റ് സമരത്തെ നേരിട്ടത്. ആരോഗ്യമേഖലയിലെ സ്റ്റാഫിംഗ് ലെവല്‍ അപകടകരമായ രീതിയിലാണെന്ന് ഗവണ്മെന്റ് ഒഴികെ പൊതുജനങ്ങള്‍ ഉള്‍പ്പെടെ സമ്മതിക്കുന്നു. ആവശ്യത്തിന് നേഴ്‌സുമാരില്ലാതെ പല ആശുപത്രികളിലും രോഗികളുടെ സുരക്ഷയെ വരെ ബാധിക്കുന്നുണ്ട്. ഇത് മാനിച്ച് കഴിഞ്ഞ ആഴ്ച നടന്ന പണിമുടക്കില്‍ വന്‍ ജനപിന്തുണയാണ് നേഴ്സുമാര്‍ക്ക് ലഭിച്ചത്. അതേസമയം ലേബര്‍ കോടതിയില്‍ നടന്ന ചര്‍ച്ചയില്‍ യാതൊരു ഓഫറും ഗഗവണ്മെന്റ് മുന്നോട്ടുവെച്ചിരുന്നില്ല.

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ്, കുറഞ്ഞ വേതനം, ജോലി സുരക്ഷിതത്വമില്ലായ്മ തുടങ്ങി യൂണിയന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെയൊന്നും വേണ്ടവിധം മനസ്സിലാക്കാനോ പരിഹരിക്കാനോ യാതോരു പദ്ധതിയും സര്‍ക്കാരോ എച്എസ്ഇയോ ഇതുവരെ മുന്നോട്ടു വെച്ചിട്ടില്ലെന്നും. ഈ സാഹചര്യത്തിലാണ് തുടര്‍ പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തതെന്നും INMO വ്യക്തമാക്കി.

നേഴ്സുമാരുടെ പണിമുടക്ക് പ്രമാണിച്ച് അടുത്ത ആഴ്ചകളില്‍ രാജ്യത്തെ പ്രധാന ആശുപത്രികളില്‍ നടത്തേണ്ടിയിരുന്ന ഔട്ട് പേഷ്യന്റ് അപ്പോയിന്മെന്റുകളും ശസ്ത്രക്രിയകളും ഉള്‍പ്പെടെ മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: