അതിശൈത്യത്തില്‍ വിറങ്ങലിച്ച് അയര്‍ലണ്ട്; റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

കനത്ത മഞ്ഞുപെയ്ത്തും അതിശൈത്യവും അയര്‍ലണ്ടിലെമ്പാടും തുടരുന്നു. ഈ വാരാന്ത്യത്തിലും അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും കടുത്ത ശൈത്യത്തെ നേരിടേണ്ടി വരുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞുപെയ്ത്തിന് ശമനം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. രാത്രിയില്‍ താപനില മൈനസ് ഏഴ് ഡിഗ്രി വരെയായി. ഇന്ന് രാത്രിയിലും അതിശൈത്യം തുടരും. നാളെ വൈകുന്നേരം വരെ രാജ്യമൊട്ടാകെ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. താപനില സബ് സീറോ ഡിഗ്രിയിലേക്ക് മാറിയ പല ഭാഗങ്ങളിലും ജനജീവിതം ദുസ്സഹമായി തുടരുന്നു.

ആര്‍ട്ടിക്കില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് അയര്‍ലന്റിനെ കൊടുംതണുപ്പിലേക്ക് നയിക്കുന്നത്. പല ഭാഗങ്ങളിലും ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്.

ലെറ്റര്‍കെന്നി, സ്ലിഗൊ ടൌണ്‍, കാസ്റ്റില്‍ബാര്‍, കാരിക്ക് -ഓണ്‍-ഷാനോന്‍, മുള്ളിഗര്‍, ലോങ്ഫോര്‍ഡ് ടൌണ്‍, മോനഗന്‍ ടൌണ്‍, കാവന്‍ ടൗണ്‍സ്, വിക്കലോയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ AA റോഡ് വാച്ച് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഐസ് വീഴ്ച ശക്തമാകുമെന്നതിനാല്‍ റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് യാത്രക്കിടെ മുന്നോട്ട് പോകാന്‍ കഴിയാതെ മഞ്ഞില്‍ പുതഞ്ഞ് കിടന്നത്. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിനുമുമ്പ് യാത്രക്കാര്‍ ഏറ്റവും പുതിയ സമയക്രമം ചോദിച്ചു മനസ്സിലാക്കണമെന്നും വിമാനത്താവള അധികൃതര്‍ ആവശ്യപ്പെടുന്നു. മെറ്റ് ഇറാന്റെ മുന്നറിയിപ്പുകള്‍ കഴിവതും അവഗണിക്കാതിരിക്കുക. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് റോഡ് സുരക്ഷാ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കുക.

Share this news

Leave a Reply

%d bloggers like this: