അപരിചിതരുമായി ഇന്റര്‍നെറ്റിലൂടെ ബന്ധം സ്ഥാപിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു; സൈബര്‍ സേഫ് അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാകുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രായപരിധി നിശ്ചയിച്ചിട്ടുള്ളപ്പോള്‍ തന്നെ ഒന്‍പത് വയസ്സ് വരെയുള്ള കുട്ടികളില്‍ പകുതിയിലധികവും സോഷ്യല്‍ മീഡിയയ്ക്ക് അടിമകളാണെന്ന പഠനമാണ് സൈബര്‍ സേഫ് അയര്‍ലണ്ട് പുറത്തുവിട്ടിരിക്കുന്നത്. കുട്ടികളുടെ ഇടയില്‍ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ചാരിറ്റി സംഘടനയാണ് സൈബര്‍ സേഫ് അയര്‍ലണ്ട്. ഇന്റര്‍നെറ്റ് സുരക്ഷാ ദിനത്തോട് അനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

8 മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള 68 ശതമാനം കുട്ടികളും സ്വന്തമായി സ്മാര്‍ട്‌ഫോണുകളും, ടാബ്ലെറ്റുകളും ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 70 ശതമാനം പേരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. 5 മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനു രക്ഷിതാക്കള്‍ പരിധികള്‍ നിശ്ചയിക്കുന്നില്ലെന്നും പഠനത്തില്‍ വ്യക്തമായി. ഓരോ ആഴ്ചയിലും 32 ശതമാനം കുട്ടികള്‍ അപരിചിതരുമായി ചാറ്റ് ചെയ്യാറുണ്ട്. 18 ശതമാനം പേര്‍ ദിവസവും അപരിചിതരുമായി ഇന്റര്‍നെറ്റിലൂടെ കൂട്ടുകൂട്ടാറുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗം ചെറിയ കുട്ടികളെ വഴിതെറ്റിക്കുമെന്നും ഇവരെ ചൂഷണം ചെയ്യുന്നവര്‍ കൂടിവരുന്നതായും അയര്‍ലണ്ടിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘടനകള്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഉപയോഗം കുറയ്ക്കാന്‍ കഴിയാത്തത് രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ടുതന്നെയാണ്.

ഇനി ഗെയിമിങ്ങിന്റെ കാര്യമെടുത്താല്‍ എട്ടും ഒന്‍പതും പ്രായമുള്ള 41 ശതമാനം കുട്ടികള്‍ അഡല്‍റ്റ് ഒണ്‍ലി ഗെയിമുകളില്‍ ആകൃഷ്ടരാണ്. തെറ്റായ രീതിയിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്ക് ഇത് വഴിതെളിക്കുമെന്ന് പഠനം പറയുന്നു. ഇന്റര്‍നെറ്റ് ഗെയിമുകള്‍, ചാറ്റിംഗ്, അശ്ലീല സൈറ്റുകള്‍ എന്നിവയ്ക്ക് അഡിക്ടാകുന്ന കുട്ടികളുടെ പഠന നിലവാരം മോശമാവാന്‍ സാധ്യത കൂടുതലാണ്. സൈബര്‍ അഡിക്ഷനുള്ള കുട്ടികള്‍ പുകവലി, മയക്കുമരുന്ന്, മദ്യം എന്നിവയ്ക്ക് കൂടി അടിമയാകാനുള്ള സാധ്യതയുണ്ട്.

ഓണ്‍ലൈന്‍ സുരക്ഷയെപ്പറ്റി പല മാതാപിതാക്കളും ബോധവാന്മാരല്ലെന്ന് സൈബര്‍ സേഫ് അയര്‍ലണ്ട് അധികൃതര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈനില്‍ ആയിരിക്കുമ്പോള്‍ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് കുട്ടിയെ ബോധവാനാക്കേണ്ടതുണ്ട്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് അവര്‍ വഴിതെറ്റുമെന്ന് മാതാപിതാക്കള്‍ അമിതമായി ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഉപേക്ഷ കാണിക്കുന്നതും നല്ലതല്ല.

പ്രൈമറി തലത്തില്‍ പഠിക്കുന്നവര്‍ അപരിചിതരുമായി ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും ഇവരെ ഉന്നം വെച്ചുകൊണ്ട് മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍, ലൈംഗീക ചൂഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരക്കാര്‍ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ മനസിലാക്കിയ ശേഷമാണ് തട്ടിപ്പു നടത്തിവരുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ സേഫ്റ്റിക്കുവേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ ഗവണ്മെന്റും കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് സൈബര്‍ സേഫ് അയര്‍ലന്റ് സിഇഒ അലക്സ് ക്ലൂണി വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: