രണ്ടാഴ്ച മുന്‍പ് കൊടും ചൂട്, ഇപ്പോള്‍ പ്രളയം; ഓസ്‌ട്രേലിയ കടന്നുപോകുന്നത് അതിതീവ്ര കാലാവസ്ഥ ദുരന്തത്തിലൂടെ

കനത്ത ചൂടിന്റെ പൊള്ളുന്ന കഥകള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നിട്ട് രണ്ട് ആഴ്ച പോലുമായിട്ടില്ല. ഒരു മാസത്തിനിടയിലാണ് രാജ്യം താപനിലയുടെ ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള പരിധികള്‍ ലംഘിക്കുന്നതെന്ന് ഓര്‍ക്കണം. ദക്ഷിണ ഓസ്‌ട്രേലിയയുടെ ഭാഗമായ പോസ്റ്റ് അഗസ്റ്റയില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരുന്നു രണ്ട് ആഴച മുന്‍പത്തെ താപനില. രണ്ടാഴ്ച മുന്‍പ് സൂര്യാഘാതം ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ സ്വന്തമായുണ്ടാക്കിയ വീടും സ്വത്തുക്കളും ഉപേക്ഷിച്ച്, മുക്കാല്‍ ഭാഗവും വെള്ളം കയറിയ വീടുകളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുകയാണ്. എന്നാല്‍ പുറത്തിറങ്ങിയാലോ, അവിടെ അവര്‍ക്ക് കുത്തൊഴുക്കില്‍ നീന്തി വരുന്ന ചെറിയ വിഷപാമ്പുകള്‍ മുതല്‍ ഭീമന്‍ മുതലകളുടെ വരെ ആക്രമണമേല്‍ക്കാം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഓസ്ട്രേലിയയുടെ വടക്കു കിഴക്കന്‍ മേഖലയിലെ ജനജീവിതം താറുമാറാക്കി. നദികളിലും മറ്റും വെള്ളം നിറഞ്ഞതോടെ ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി നിരവധി മുതലകളാണ് ജനവാസ കേന്ദ്രങ്ങളിലും റോഡിലും മറ്റും വിഹരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ക്കൊപ്പം മുതലകളെയും കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയ്ക്കൊപ്പം വന്‍ തോതില്‍ പാമ്പുകളുടെ ശല്യവും ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.

ക്യൂന്‍സ്ലന്‍ഡിലെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് പ്രളയമുണ്ടായത്. ഡാമുകളില്‍ മിക്കതും തുറന്നതോടെ പ്രളയത്തിന്റെ തീവ്രതയും വര്‍ധിച്ചു. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വൈദ്യുതി ബന്ധമടക്കം നിശ്ചലമായ അവസ്ഥയാണ്. ഏതാണ്ട് 20,000ത്തോളം വീടുകളെ പ്രളയം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

പതിനായിരക്കണക്കിന് പേരാണ് കെടുതികള്‍ അനുഭവിക്കുന്നത്. പലരും സൈന്യം ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. സ്‌കൂളുകളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും പെയ്യാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: