നേഴ്സുമാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് പുനഃരാരംഭിക്കും; ഗവണ്മെന്റിനെതിരെ വ്യാപക വിമര്‍ശനം; ആരോഗ്യ മേഖല നിശ്ചലാവസ്ഥയിലേക്ക്

ഡബ്ലിന്‍: INMO യുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ നേഴ്‌സുമാര്‍ ഇന്ന് ദേശീയ വ്യാപകമായി പണിമുടക്ക് പുനരാരംഭിക്കും. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ രാവിലെ എട്ട് മണി വരെ നീളും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന പണിമുടക്കിന് ശേഷവും ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് യാതൊരു ഒത്തുതീര്‍പ്പിനും തയാറാകാത്ത സാഹചര്യത്തില്‍ പിക്കറ്റിങ് ഉള്‍പ്പെടെ ശക്തമായ പ്രക്ഷോപ പരിപാടികളാണ് INMO യുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. INMO യ്ക്ക് ഒപ്പം സൈക്കാട്രിക് നേഴ്സസ് അസോസിയേഷനും, ജിപി മാരുടെ സംഘടനയും ആരോഗ്യവകുപ്പിന്റെ അഴിച്ചുപണിയ്ക്കായി മുറവിളികൂട്ടി രംഗത്തെത്തിയത് ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നിര്‍മാണത്തിനായി കോടിക്കണക്കിന് യൂറോ കളഞ്ഞുകുളിച്ചത് വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചു. ആശുപത്രി കെട്ടിടങ്ങളല്ല ഇപ്പോള്‍ അത്യാവശ്യമെന്നും മറിച്ച് മതിയായ നഴ്സുമാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും റിക്രൂട്ട്‌മെന്റാണ് നടത്തേണ്ടതെന്ന് ആരോഗ്യമേഖലയിലെ പ്രമുഖര്‍ വെളിപ്പെടുത്തുന്നു. നേഴ്സുമാരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഗവണ്മെന്റിന്റെ മനോഭാവത്തിന് വലിയ വിലകൊടുക്കേണ്ടി വരുമെന്നും പൊതുജനങ്ങളുള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നു.

വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് രാജ്യത്തെ ആശുപത്രികള്‍ കടന്നുപോകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ കഷ്ടത്തിലാകുന്നു. മലയാളി നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി നേഴ്സുമാരുടെ കരങ്ങളിലാണ് HSE യുടെ പ്രവര്‍ത്തനം ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദര്‍ സമ്മതിക്കുന്ന സത്യമാണ്. ഈ അവസരത്തില്‍ നേഴ്സുമാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ HSE ചെവികൊള്ളാതിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്ന് INMO വ്യക്തമാക്കി. നേഴ്‌സുമാരോടൊപ്പം ഡോക്ടര്‍മാരും ആംബുലന്‍സ് യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആരോഗ്യമേഖലയിലെ അഴിച്ചുപണിക്ക് ഗവണ്മെന്റ് തയ്യാറാകണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

നേഴ്സുമാരുടെ സമരത്തിനെതിരെ ഗവണ്മെന്റ് മുഖം തിരിച്ചതും ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനായി അനാവശ്യമായി പണം ചിലവാക്കിയെന്ന ആരോപണവും വരേദ്കര്‍ ഗവണ്മെന്റിനെതിരെ ഭരണപക്ഷ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധ സ്വരം ഉയര്‍ന്നിട്ടുണ്ട്. പൊതുജീവനക്കാരുടെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ഫൈന്‍ ഗെയ്ലിന് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിപവര്‍ത്തകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് സമാനമായ സാഹചര്യത്തില്‍ ഫൈന്‍ ഗെയ്ല്‍ 2004 ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അന്ന് മെഡിക്കല്‍ കാര്‍ഡുകള്‍ റദ്ദാക്കിയതാണ് തിരിച്ചടിയായത്. നിരവധി കൗണ്‍സിലുകള്‍ ഫൈന്‍ ഗെയ്ലിന് നഷ്ടപ്പെട്ടു. ചിലയിടങ്ങളില്‍ ഫിയാന ഫെയ്ലിനും പിന്നിലായി. സിന്‍ ഫെയ്നുമായുള്ള കൂട്ടുകക്ഷി ഭരണത്തിലേക്കാണ് ഇത് വഴിതെളിച്ചത്. ഇത്തവണയും ഇത്തരമൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. സെനറ്റര്‍മാരായ റേ ബട്‌ലര്‍, ജെറി ബട്ടിമേര്‍, കോം ബര്‍ക്കി, ജോണ്‍ ഒ’മഹോണി, മാര്‍ട്ടിന്‍ കോണ്‍വേ തുടങ്ങിയ നേതാക്കളെല്ലാം ഗവണ്മെന്റിന്റെ നിലപാടിനെതിരെ ചോദ്യമുയര്‍ത്തി.

അതേസമയം നേഴ്‌സുമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും എന്നാല്‍ വേതന വര്‍ധനവ് ഗവണ്മെന്റ് പരിഗണിക്കില്ലെന്നുമാണ് ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോനഹോയുടെ വാദം. ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും ഹെല്‍ത്ത് കമ്മിറ്റിക്കു മുന്‍പിലും ആരോഗ്യമേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് മണിക്കൂറുകളോളം നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. 2 ബില്യണ്‍ യൂറോ ചിലവഴിച്ചുള്ള ആശുപത്രി നിര്‍മ്മാണത്തിനെതിരെ ടിഡി മാരുടെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നു. അനാവശ്യമായി തുക ചിലവാക്കുകയും നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുകയും ചെയ്യുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ആരോഗ്യമന്ത്രി നേരിടുന്നത്.

തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ക്ക് തെരുവിലിറങ്ങുന്ന നേഴ്‌സുമാര്‍ക്ക് വന്‍ ജനപിന്തുണയും ഒപ്പമുണ്ട്. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് നേഴ്‌സുമാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നേഴ്സിങ് സഘടനായ ഐ.എന്‍.എം.ഒ യ്ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും അതെല്ലാം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് നാല്പത്തിനായിരത്തോളം നേഴ്സുമാര്‍ ഇന്ന് ഗവണ്മെന്റിനെതിരെ മൂന്നാം ദിവസം സമരത്തിന് തയ്യാറെടുക്കുന്നത്.

ഇന്നും ആയിരക്കണക്കിന് ഔട്ട്പേഷ്യന്റ് അപ്പോയിന്മെന്റുകളും കമ്മ്യൂണിറ്റി മെഡിക്കല്‍ അപ്പോയിന്മെന്റുകളും ശസ്ത്രക്രിയകളും റദ്ദാക്കിയിട്ടുണ്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പരിമിതമായ നേഴ്സുമാര്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക. പല ആശുപതികളിലും മാനേജുമെന്റുമായി സഹകരിച്ച് രോഗികളുടെ സുരക്ഷയെ ബാധിക്കാത്ത തരത്തിലാണ് നേഴ്സുമാര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

ഫെബ്രുവരി ഒന്‍പതിന് INMO യുടെ നേതൃത്വത്തില്‍ ദേശീയ റാലി നടത്തും. അടുത്ത ആഴ്ച ഒന്നിനുപിറകെ ഒന്നായി മൂന്ന് ദിവസം അടുപ്പിച്ച് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സൈക്കാട്രിക് നേഴ്സുമാരുടെ PNA സംഘടനയും ജിപി മാരുടെ സംഘടനയും ആംബുലന്‍സ് സര്‍വീസുകളും പണിമുടക്ക് നടത്തും. ഇതോടെ ആരോഗ്യ മേഖല നിശ്ചലാവസ്ഥയിലേക്കാണ് നീങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: