വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഉന്നതപഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ ‘എമിഗ്രേഷന്‍ ബില്ലി’ലാണ് ഈ വ്യവസ്ഥയുള്ളത്. വിദേശത്തേക്ക് കുടിയേറുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ‘എമിഗ്രേഷന്‍ മാനേജ്‌മെന്റ് അതോറിറ്റി’ക്കു രൂപം നല്‍കും. സമസ്ത മേഖലകളിലുമുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം പരിഷ്‌കരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. 1983ലെ എമിഗ്രേഷന്‍ ആക്ടാണ് 36 വര്‍ഷത്തിനിപ്പുറം കാലോചിതമായി പരിഷ്‌കരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ആഭ്യന്തരപ്രശ്നങ്ങളും മറ്റുമുണ്ടാകുമ്‌ബോള്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഈ നിര്‍ദേശമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. വിദേശത്തു പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്നവരുടെ കൃത്യമായ കണക്കും വിവരങ്ങളും ശേഖരിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളില്‍ അവരെ രാജ്യത്തെത്തിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍. വിദ്യാര്‍ഥികളെ വിദേശത്തെത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴിയാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.

എമിഗ്രേഷന്‍ ബില്‍ 2019 ല്‍ ഉള്‍പ്പെടുത്താന്‍ താല്പര്യപ്പെടുന്ന നിര്‍ദേശങ്ങളില്‍ പ്രവാസികളുടെ അഭിപ്രായവും ഗവണ്മെന്റ് ആരാഞ്ഞിരുന്നു. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ തട്ടിപ്പ് ഒഴിവാക്കാന്‍ കടുത്ത നിബന്ധനകളാണ് കരട് ബില്ലിലുള്ളത്. നിയമം ലംഘിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കനത്ത പിഴയൊടുക്കുമെന്നും സൂചനയുണ്ട്. അനധികൃത മനുഷ്യക്കടത്ത്, വ്യാജ റിക്രൂട്ട്മെന്റ്, ലഹരിമരുന്ന് കടത്ത് എന്നിവയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും നിര്‍ദേശിക്കുന്നു.

യു.എ.ഇ., അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, ഇന്‍ഡൊനീഷ്യ, ഇറാഖ്, കുവൈത്ത്, ലെബനന്‍, തായ്‌ലാന്‍ഡ്, ജോര്‍ദാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങി 18 രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവര്‍ക്ക് നിലവില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

Share this news

Leave a Reply

%d bloggers like this: