ഡബ്ലിന്‍ വിമാനത്താവളത്തില്‍ 20,000 യൂറോ വിലമതിപ്പുള്ള സിഗരറ്റും, പുകയിലയും പിടിച്ചെടുത്തു; സിഗരറ്റ് കള്ളക്കടത്തിന്റെ ഇടത്താവളമായി അയര്‍ലന്‍ഡ്

വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമുള്ള കള്ളക്കടത്ത് ഈയിടെയായി കൂടിവരികയാണ്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 29,400 സിഗരറ്റും മൂന്ന് കിലോയോളം പുകയിലയുമാണ് ഇന്നലെ റവന്യു ഉദോഗസ്ഥര്‍ പിടിച്ചെടുത്തത്. ദിവസേനയുള്ള സാധാരണ പരിശോധനകള്‍ക്കിടയിലാണ് അബുദാബിയില്‍ നിന്നുള്ള യാത്രക്കാരന്റെ അസാധാരണ പെരുമാറ്റത്തില്‍ സംശയിച്ച് ബാഗ് പരിശോധന നടത്തിയത്. തുടര്‍ന്ന് 20,000 യൂറോയോളം വിലവരുന്ന Chesterfield, Pall Mall, Marlboro Gold and Amber Leaf തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള സിഗരറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ലിത്വാനിയന്‍ സ്വദേശിയായ 34കാരനെ സംഭവസ്ഥലത്തെത്തി ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അനധികൃതമായി കടത്തികൊണ്ടുവരുന്ന സിഗരറ്റ് വില്‍പ്പന മൂലം റെവന്യൂ വകുപ്പിന് നഷ്ടമാകുന്നത് കോടിക്കണക്കിന് യുറോയാണ്. കരിചന്തയിലെ വില്‍പ്പനയിലൂടെ നികുതി ഇനത്തിലെ നഷ്ടം ഏകദേശം 800 മില്യണ്‍ യൂറോയാണ്. റീട്ടെയിലര്‍മാര്‍ക്കും പാറ്റന്റ് എടുത്തിട്ടുള്ളവര്‍ക്കും വരുന്ന നഷ്ടം ഏകദേശം 1.5 ബില്യണ്‍ യൂറോയാണ്. റീട്ടെയിലര്‍മാര്‍ക്ക് വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം ഏകദേശം 320 മില്യണ്‍ യൂറോയോളവും വരും. യുകെയിലേതിനേക്കാള്‍ അയര്‍ലന്‍ഡില്‍ നിയമ വിരുദ്ധ സിഗറ്റ് കടത്ത് കൂടുതലാണ്. അയര്‍ലന്‍ഡ് വഴി കള്ളകടത്ത് നടത്തുന്ന സിഗരറ്റ് യുകെയില്‍ എത്തിക്കുകയാണ് പതിവ്. ഒരു മില്യണ്‍ യറോയുടെ സിഗറ്റ് എങ്കിലും ഐറിഷ് തുറമുഖങ്ങള്‍ വഴി കടത്തികൊണ്ട് വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സിഗരറ്റ് കള്ളകടത്തിന് ജയില്‍ശിക്ഷ വളരെ അപൂര്‍വമാണ്.

അതേ സമയം പതിനായിരം യൂറോയിലേറെ വില വരുന്ന മയക്കമരുന്ന് കണ്ടെത്തിയാല്‍ പതിനാല് വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. കള്ളകടത്ത് സിഗറ്റുകളുടെ വിപണി മൂലം നിയമപരമായി വില്‍പ്പന നടത്തുന്നവര്‍ക്ക് ലാഭം ഇടിയുന്നുണ്ട്. ഇത് മൂലം ഇവര്‍ നിയമം കടുപ്പിക്കാനും പിഴ കനത്തതാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

വാങ്ങാനും കള്ളക്കടത്ത് നടത്താനും നിക്ഷേപിക്കുന്ന തുകക്ക് നല്ലലാഭം കിട്ടാനും കള്ളക്കടത്തില്‍ എളുപ്പവഴിയായി മാറുകയാണ് സിഗരറ്റ് കടത്തുന്നത്. രാജ്യത്തെയും വടക്കന്‍ അയര്‍ലന്‍ഡിലെയും സിഗരറ്റ് കള്ളക്കടത്തുകള്‍ വിധ്വംസക സംഘങ്ങളുമായി ബന്ധമുള്ളതായി വ്യക്തമാണ്. ഇതില്‍ തന്നെ ചില സംഘങ്ങള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവയും ആണ്. ഇത്തരം ക്രിമിനല്‍ സംഘങ്ങളിലാകട്ടെ ഐആര്‍എയില്‍ നിന്നുള്ള മുന്‍ അംഗങ്ങളും ഉണ്ട്. ഒരു വിഭാഗം സംഘങ്ങള്‍ ലെവി നല്‍കി മറ്റ് സംഘങ്ങളെക്കൊണ്ട് കള്ളക്കടത്ത് നടത്തിക്കുകയും ചെയ്യുന്നു.

പ്രധാനമായും അതിര്‍ത്തി പ്രദേശത്താണ് പ്രവര്‍ത്തനങ്ങള്‍. ലഭിക്കുന്ന തുകയുടെ ഒരു ശതമാനം തീവ്രവാദ പ്രവര്‍ത്തനത്തിനാണ് പോകുന്നത്. മറ്റുള്ളവയാകട്ടെ കുറ്റവാളികള്‍ വ്യക്തിപരമായി ധനികരാകുന്നതിനും ഉപയോഗിക്കുന്നു. അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലന്‍ഡ് കള്ളക്കടത്തുകാരുടെ ഹബ്ബായി മാറുകയാണ്. ഉയര്‍ന്ന ലാഭത്തിനായി ഇവര്‍ കൂടുതല്‍ ജനസംഖ്യയുള്ള യുകെയിലേക്ക് പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഇടിവ് തട്ടാതെ വിപണിയുള്ള കൊക്കെയ്‌നാണ് സിഗരറ്റെന്ന് റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നു. ഏഴിനും ഒമ്പതിനും ഇടയില്‍ മില്യണ്‍ കണക്കിന് സിഗരറ്റാണ് ഏഷ്യവഴി കള്ളക്കടത്തിലൂടെ ഇവിടേക്കെത്തുന്നത്. അയര്‍ലന്‍ഡിലെത്തുന്ന സിഗരറ്റുകള്‍ അതിര്‍ത്തി കൗണ്ടികളിലും യുകെയിലുമാണ് വിതരണത്തിനെത്തുന്നത്. ഫലത്തില്‍ യുകെയിലേക്കും വടക്കന്‍ അയര്‍ലന്‍ഡിലേക്കും ചരക്കെത്തിക്കുന്നതിനുള്ള ഇടത്താവളമാണ് അയര്‍ലന്‍ഡ്.

നിയമവിരുദ്ധമായി മദ്യമോ പുകയിലയോ കടത്തുന്നതിനെയോ വില്‍ക്കുന്നതിനെകുറിച്ചോ ഏതെങ്കിലും തരത്തില്‍ വിവരം ലഭിക്കുന്നവര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രഹസ്യ നമ്പറായ 1800 295 295 ല്‍ അറിയിക്കാവുന്നതാണ്..

Share this news

Leave a Reply

%d bloggers like this: