റസ്റ്റോറന്റുകള്‍ ഭക്ഷ്യവസ്തുക്കളിലെ കലോറി മെനുവില്‍ രേഖപ്പെടുത്തേണ്ടി വരും; പുതിയ നിയമം അണിയറയില്‍

ഭക്ഷണ പാനീയങ്ങളില്‍ അടങ്ങിയ കലോറി ഉപയോക്താക്കള്‍ക്കു മുന്നില്‍ വെളിപ്പെടുത്തണമെന്ന പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഐറിഷ് ആരോഗ്യ വകുപ്പ്. റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഐസ്‌ക്രീം കടകള്‍, ബേക്കറികള്‍, പലഹാര കടകള്‍, ഫ്രഷ് ജ്യൂസ് കടകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളിലെയും യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും കാന്റീനുകള്‍ എന്നിവിടങ്ങളിലെല്ലാം വില്‍പന നടത്തുന്ന ഭക്ഷ്യവസ്തുക്കളിലെ കലോറി രേഖപ്പെടുത്തണം. അയര്‍ലണ്ടില്‍ അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം അവസാനത്തോടെ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പുതിയ നിയമ നിര്‍മ്മാണം നടപ്പാക്കാനൊരുങ്ങുന്നത്.

ഭക്ഷണങ്ങള്‍ക്കൊപ്പം വിതരണം ചെയ്യുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, സോസുകള്‍, കേക്കുകള്‍ അടക്കമുള്ള വസ്തുക്കളിലെ കലോറികളും വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് സമാനമായ നിയമം യുഎസില്‍ അടുത്തിടെ നടപ്പാക്കിയിരുന്നു.

ഭക്ഷണപാനീയങ്ങളുടെ മെനു പട്ടികയില്‍തന്നെ ഓരോ ഭക്ഷണ പാനീയങ്ങളിലും അടങ്ങിയ കലോറി രേഖപ്പെടുത്തിയിരിക്കണം. ട്രാഫിക് ലൈറ്റിന് സമാനമായി ചുവന്നത് കലോറി കൂടിയ ഭക്ഷണങ്ങള്‍ക്കും പച്ച കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ രേഖപ്പെടുത്താനും ഉപയോഗിക്കാം. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഒരു ദിവസം ആവശ്യമായ കാലറിയും മെനു പട്ടികയില്‍ വിശദീകരിച്ചിരിക്കണം.

Share this news

Leave a Reply

%d bloggers like this: