സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്താല്‍ വന്‍ തുക പിഴ ഈടാക്കും; ബില്‍ പാസാക്കി റഷ്യന്‍ പാര്‍ലമെന്റ്

മോസ്‌കോ: രാജ്യത്ത് നടന്നു വരുന്ന സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്യുന്നവരില്‍ നിന്നും വന്‍ തുക പിഴ ഈടാക്കാനും ഇത്തരക്കാരെ ജയിലില്‍ അടയ്ക്കാനും അനുമതി നല്‍കുന്ന ബില്‍ റഷ്യന്‍ പാര്‍ലമെന്റ് പാസ്സാക്കി. പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെയോ രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ അപമാനിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ പോസ്റ്റുകളും മറ്റും ഇടുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷയും വന്‍ തുക പിഴയും നല്‍കുന്ന ബില്‍ ആണ് പാര്‍ലമെന്റ് പാസാക്കിയത്. ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് 1,00,000 റൂബിള്‍ (1,06,315 രൂപ) പിഴ ചുമത്തും, കുറ്റം ആവര്‍ത്തിക്കുയാണെങ്കില്‍ രണ്ടുമടങ്ങ് പിഴ ചുമത്തുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും ‘പുടിന്‍ ബാസ്റ്റേര്‍ഡ്’ ആണെന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കിയവരേയും സംബന്ധിച്ച് ഇത്തരമൊരു നിയമം വലിയ തിരിച്ചടിയായിരിക്കുമെന്നും ഇവര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും മോസ്‌കോ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോവാ സെന്റര്‍ തലവന്‍ അലക്സാണ്ടര്‍ വെര്‍കോവ്സി പറഞ്ഞു.

സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ വിമര്‍ശനം പോലും അസാധ്യമാകുമെന്നും ഇത് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നത് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയാണെന്നുമാണ് പ്രതിപക്ഷം അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്ന് അവകാശ സംരക്ഷണ സംഘടനകളും ആവശ്യപ്പെട്ടു.

പുതിയ നിയമ പ്രകാരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ തങ്ങള്‍ക്കെതിരാണെന്ന് തോന്നിയാല്‍ പ്രസ്തുത മാധ്യമത്തിന് പിഴ ചുമത്താനും അവരെ ബ്ലോക്ക് ചെയ്യാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ടാകും. ‘വ്യാജ വാര്‍ത്തകള്‍’ ആണോ എന്നതില്‍ തീരുമാനമെടുക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അവകാശം നല്‍കുന്നതാണ് പുതിയ നിയമം. അവര്‍ പറയുന്ന പ്രകാരം മാധ്യമസ്ഥാപനങ്ങള്‍ വിവരങ്ങള്‍ വെസ്ബസൈറ്റില്‍ നിന്നും നീക്കംചെയ്യേണ്ടി വരും. ഇതിന് തയ്യാറാകാത്ത വെബ്സൈറ്റുകള്‍ തടയാനുള്ള അവകാശവും ഇവര്‍ക്കുണ്ടാകും.

വാര്‍ത്തകള്‍ മരണമോ കലാപമോ പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണെങ്കില്‍ പിഴ 1.5 മില്ല്യണ്‍ റൂബിളായി (15,90,827.35 രൂപ) വര്‍ധിക്കും. ബില്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുള്ളതായും, റഷ്യയിലെ പതിപക്ഷ പത്രപ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതുമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇതിലും വലിയ സെന്‍സര്‍ഷിപ്പ് ഉണ്ടോ’ എന്നായിരുന്നു ബില്ലിനെ കുറിച്ച് മാധ്യമങ്ങളുടെ അവകാശ സംഘടന ട്വിറ്ററില്‍ കുറിച്ചത്. ഒരു പുനപരിശോധന പോലും നടത്താതെ സോഷ്യല്‍മീഡിയ വെബ്സൈറ്റുകളും അക്കൗണ്ടുകളും പൂട്ടിക്കാന്‍ അതോറിറ്റിക്ക് അനുമതി നല്‍കുന്ന നിയമമാണ് ഇതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വ്ളാദമിര്‍ റൈസ്‌കോവ് പറഞ്ഞത്.

ഡികെ

Share this news

Leave a Reply

%d bloggers like this: