ഭവന രഹിത പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം; അയര്‍ലന്‍ഡിന് യൂണിയന്റെ താക്കീത്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന രഹിത പ്രതിസന്ധി ഉടനെ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ അന്ത്യ ശാസനം. പ്രതിവര്‍ഷം ഭവനരഹിതരുടെ എണ്ണം വന്‍ തോതില്‍ കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യൂണിയന്‍ അയര്‍ലണ്ടിനെ ശക്തമായ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വേണ്ടിവന്നാല്‍ മറ്റൊരു നിയമ നിര്‍മ്മാണം നടത്തി നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണമെന്ന് യൂണിയന്‍ ശക്തമായ ഭാഷയില്‍ അയര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പതിനായിരത്തോളം ആളുകളാണ് വീടില്ലാത്തവരായി കണക്കാക്കപ്പെടുന്നത്. ഇത് സര്‍ക്കാര്‍ കണക്ക് ആണെങ്കില്‍, മറ്റു ഏജന്‍സികള്‍ നടത്തിയ കണക്കെടുപ്പില്‍ പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഭവനരഹിതരായി തുടരുകയാണ്. വീടില്ലാത്തവരുടെ എണ്ണം കുറയ്ക്കാനായി ഐറിഷ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സോഷ്യല്‍ ഹൗസിങ് പദ്ധതികള്‍ വേണ്ടത്ര ഫലം കണ്ടില്ലെന്ന് തന്നെയാണ് യൂണിയന്റെ നിരീക്ഷണം.

കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന റെന്റ് പ്രഷര്‍സോണ്‍ എന്ന ആശയവും വേണ്ടത്ര നടപ്പാക്കാന്‍ ഹൗസിങ് മന്ത്രാലയത്തിന് കഴിഞ്ഞിരുന്നില്ല. ഭവന രഹിതര്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്ക്കുന്നത് ഡബ്ലിനിലാണ്. രാത്രിയില്‍ കിടപ്പാടം അന്വേഷിച്ച് സ്ട്രീറ്റില്‍ ഉറങ്ങുന്നവര്‍ക്ക് ഏക ആശ്രയം സന്നദ്ധ സംഘടനകള്‍ മാത്രമാണ്.

എമര്‍ജന്‍സി അക്കൊമോടെഷനുകളില്‍ തിങ്ങിപ്പാര്‍ക്കാന്‍ കഴിയാതെ തെരുവോരങ്ങളെ ആശ്രയിക്കുന്ന പതിവ് രീതിക്കും കുറവ് വന്നിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ മുന്‍നിരയിലുള്ള ഡബ്ലിന്‍ പോലുള്ള നഗരത്തിന് ഇത്തരം ഒരു അവസ്ഥ വന്നുചേരുന്നത് അയര്‍ലണ്ടിന്റെ ശോഭ കെടുത്തുമെന്ന് ഇ.യു ഓര്‍മിപ്പിക്കുന്നു. 2022 ആവുന്നതോടെ വീടില്ലാവരുടെ എണ്ണം 5 ശതമാനത്തിന് താഴെ എത്തിക്കാന്‍ കഴിയണമെന്നും ഇ.യു നിര്‍ദ്ദേശം നല്‍കി.

യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭവനരഹിതര്‍ ഉള്ള രാജ്യങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ തോത് അയര്‍ലണ്ടില്‍ കൂടുതലാണെന്ന് യൂണിയന്‍ തന്നെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഹൗസിങ് മേഖലയില്‍ ഇ.യു നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ അയര്‍ലാന്‍ഡ് നിയമ നടപടിയും നേരിടേണ്ടി വരുമെന്ന് യൂണിയന്‍ ശക്തമായ ഭാഷയില്‍ അറിയിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: