ഇഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കില്‍ മരണസംഘ്യ ആയിരം കവിഞ്ഞു

മൊസാംബിക്കിലുണ്ടായ ഇഡ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേറെയായതായി റിപ്പോര്‍ട്ട്. മൊസാംബിക്കി പ്രസിഡന്റ് ഫിലിപ് നൂയിസിയാണ് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. വ്യാഴാഴ്ചയാണ് സിംബാബ്വെ – മൊസാംബിക് – മലാവി അതിര്‍ത്തിയില്‍ ഇഡ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരു ലക്ഷം പേര്‍ കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്‌റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. മൊസാംബിക്കിലാണ് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.

Share this news

Leave a Reply

%d bloggers like this: