താലയില്‍ ഡെലിവറി ഡ്രൈവര്‍ക്ക് നേരെ പെല്ലറ്റ്ഗണ്‍ ആക്രമണം

താല: ടെസ്‌കോയുടെ ഡെലിവറി ഡ്രൈവര്‍ക്കു നേരെ പെല്ലറ്റ്ഗണ്‍ ആക്രമണം. താലയില്‍ കിലിനാര്‍ഡണ്‍ ഹില്ലില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. ടെസ്‌കോയുടെ ഡെലിവറി ജീവനക്കാരന്‍ കടന്നുപോകവേ അപ്രതീക്ഷിതമായി മുഖത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ജീവനക്കാരന്റെ മുഖത്ത് സാരമായ പരിക്കുപറ്റിയിട്ടുണ്ട്.

ഡെലിവറി ജീവനക്കാരന് പരിക്കേറ്റതായി ടെസ്‌കോയും സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ക്ക് ജോബ്‌സ് ടൗണിലേക്കുള്ള ഓര്‍ഡര്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. സംഭവ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും അക്രമിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. താത്കാലികമായി നിര്‍ത്തിവെയ്ക്കപ്പെട്ട ഡെലിവറി സര്‍വീസുകള്‍ ശേഷം പുനഃസ്ഥാപിച്ചതായും ടെസ്‌കോ അറിയിച്ചു.

ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നേരെ ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ രാത്രി യാത്ര സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് ടെസ്‌കോ ജീവനക്കാര്‍ കമ്പനിയെ സമീപിച്ചിരിക്കുകയാണ്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്പനി ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം.

അയര്‍ലണ്ടില്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ ആക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതായി ഗാര്‍ഡ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വദേശികളും വിദേശികളുമായ ധാരാളം ഡ്രൈവര്‍മാര്‍ ഇതിനോടകം തന്നെ നിരവധി ആക്രമണ പരമ്പരയ്ക്ക് ഇരകളായി തീര്‍ന്നിട്ടുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: