ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ അക്രമം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

വോട്ടെടുപ്പിനിടെ അനന്ത്പൂര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ചേരിതിരിഞ്ഞ് വ്യാപകമായ കല്ലേറുമുണ്ടായി. ഇതിനിടെ പരിക്കേറ്റ വൈഎസ്ആറിലെയും ടിഡിപിയിലെയും ഓരോ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ മരിച്ചത്.

നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നബാധിതമെന്ന് പ്രഖ്യാപിച്ച മേഖലയാണ് അനന്ത്പൂര്‍. ഇവിടെ പ്രചരണകാലത്തുതന്നെ വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു.

ടിഡിപിയുടെ പ്രമുഖ നേതാവായ ദിവാകര്‍ റെഡ്ഡിയുടെ ശക്തികേന്ദ്രമാണ് മേഖല. ഇവിടെ അദ്ദേഹത്തിന്റെ മകനുള്‍പ്പടെ സ്ഥാനാര്‍ഥിയാണ്. രാവിലെ പോളിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കാത്തതിന്റെ പേരിലും പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരിലും പലയിടത്തും പോളിങ് തടസ്സപ്പെട്ടു.

സംഘര്‍ഷത്തില്‍ ഗുണ്ടൂരില്‍ പോളിങ് ബൂത്ത് തകര്‍ന്നു. ഗുണ്ടയ്ക്കലില്‍ മുന്‍ എംഎല്‍എയും ജനസേന പാര്‍ട്ടി നേതാവുമായ മധുസൂദനന്‍ ഗുപ്ത പോളിങ് ബൂത്തില്‍ കയറി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം എറിഞ്ഞുതകര്‍ത്തു. യന്ത്രത്തില്‍ തന്റെ ചിഹ്നം വ്യക്തമായി പതിഞ്ഞിട്ടില്ലെന്ന് ആരോപിച്ചായിരുന്നു നേതാവിന്റെ പരാക്രമം. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. ഇലുരു നഗരത്തില്‍ പോളിങ് സ്റ്റേഷനുള്ളില്‍ ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിലാണ്. അതിനിടെ, വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് പോളിങ് തടസ്സപ്പെട്ട 30 ശതമാനം ബൂത്തുകളില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റീ പോളിങ് ആവശ്യപ്പെട്ടു. ആന്ധ്രയില്‍ 362 വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതായാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

25 ലോക്‌സഭാ സീറ്റുകള്‍ക്കൊപ്പം 175 അംഗ ആന്ധ്രാ നിയമസഭയിലേക്കും പോളിങ് തുടരുകയാണ്. ബൂത്തുകളുടെ പട്ടികയടങ്ങുന്ന കത്ത് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. തങ്ങള്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് പോവുന്നുവെന്ന ആരോപണവും ടിഡിപി ഉന്നയിച്ചു. പോലിസിനെ ഉപയോഗിച്ചും ബൂത്തുകള്‍ പിടിച്ചെടുക്കുകയാണ് ടിഡിപിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. അതേസമയം, സമാധാനപരമായാണ് തെലങ്കാനയിലെ പോളിങ് നടക്കുന്നത്.

https://www.youtube.com/watch?v=iyzhAUNFO_0
Share this news

Leave a Reply

%d bloggers like this: