കണ്ണീരില്‍ മുങ്ങി ശ്രീലങ്ക; മരണം 290 കവിഞ്ഞു; മരിച്ചവരില്‍ മലയാളി ഉള്‍പ്പെടെ ഇന്ത്യക്കാരും.. ഇന്റലിജന്‍സ് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്ന് മന്ത്രി; കര്‍ശനമായ സോഷ്യല്‍ മീഡിയ നിയന്ത്രണം തുടരുന്നു…

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തേമെട്ടകൊടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

കൊളംബോ എയര്‍പോര്‍ട്ടിനടുത്ത് ഒരു സ്‌ഫോടകവസ്തു നിര്‍വ്വീര്യമാക്കിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ ഇത് നിര്‍വ്വീര്യമാക്കി. കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്ന ഉയിര്‍പ്പു ശുശ്രൂഷകളെല്ലാം റദ്ദാക്കിയെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍കോം രഞ്ജിത്തിന്റെ മേടയില്‍ നിന്നും അറിയിപ്പ് വന്നിരുന്നു. മൃഗങ്ങള്‍ക്കു മാത്രമേ ഇങ്ങനെ പെരുമാറാനാകൂ എന്നും കുറ്റവാളികളെ ദയാരഹിതമായി ശിക്ഷിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ആക്രമണങ്ങള്‍ ഭൂരിപക്ഷവും ചാവേറുകള്‍ നടത്തിയതാണെന്നാണ് വ്യക്തമായിട്ടുണ്ട്. തുടര്‍ സ്‌ഫോടനങ്ങളില്‍ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നെന്ന് വിവരം. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളില്‍ എട്ട് തുടര്‍ സ്‌ഫോടനങ്ങളാണ് കൊളംബോയില്‍ നടന്നത്. തെക്കന്‍ കൊളംബോയിലെ ഒരുഗോട്ടാവാഡയിലായിരുന്നു അവസാനത്തെ സ്‌ഫോടനം. അവസാനത്തെ രണ്ട് സ്‌ഫോടനങ്ങള്‍ പൊലീസിനെ കണ്ട് അക്രമികള്‍ ഓടുന്ന ഘട്ടത്തില്‍ നടത്തിയതാണെന്ന് ഒരു ശ്രീലങ്കന്‍ മന്ത്രിയായ ഹര്‍ഷ ഡി സില്‍വ പറഞ്ഞു.

ഇന്നലെ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. അനിശ്ചിത കാലത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്ന് പുലര്‍ച്ചെ പിന്‍വലിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും തടയപ്പെട്ടിട്ടുണ്ട്. വ്യാജവാര്‍ത്തകളും ഊഹങ്ങളും പ്രചരിക്കുന്നത് തടയാനാണിത്. കര്‍ഫ്യൂ മൂലം കൊളംബോയിലെ ഗതാഗത സംവിധാനങ്ങളെല്ലാം മന്ദഗതിയിലായിരുന്നു. കൊല്ലപ്പെട്ടവരില്‍ ശ്രീലങ്കയിലെ പ്രശസ്തയായ ഷെഫ് ശാന്ത മയഡുണ്ണെയുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനം നടന്ന ഷാംഗ്രി ലാ ഹോട്ടലില്‍ മയഡുണ്ണെയും മകള്‍ നിസംഗയും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം മകള്‍ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ഇട്ടിരുന്നു. നടി രാധിക തലനാരിഴയ്ക്കാണ് ഈ ഹോട്ടലിലെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ആരും ഇതുവരെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പ്രതിരോധമന്ത്രി റുവാന്‍ വിജെവര്‍ധനെ പറയുന്നത്. മതതീവ്രവാദികളാണ് അക്രമികള്‍. ഒരു ഗ്രൂപ്പാണ് ആക്രമണങ്ങളുടെയെല്ലാം പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണസാധ്യതയെക്കുറിച്ച് സുരക്ഷാ സേനകള്‍ക്ക് പത്ത് ദിവസം മുമ്പു തന്നെ വിവരം ലഭിച്ചിരുന്നെന്നും എന്തുകൊണ്ടാണ് നടപടികളുണ്ടാകാതിരുന്നതെന്ന് പരിശോധിക്കുമെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ചില ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സംഭവം നടക്കുമെന്ന് അറിവുണ്ടായിരുന്നെന്ന് വെളിവാക്കുന്ന തെളിവുകള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ പുറത്തുവിട്ടു. ഇവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഷാംഗ്രി-ലാ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവയില്‍ രണ്ടുപേര്‍ സി-4 സ്‌ഫോടകവസ്തുക്കള്‍ പൊട്ടിക്കുന്നത് പതിഞ്ഞിട്ടുണ്ട്. 25 കിലോ ഭാരമുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിച്ചതെന്ന് അന്വേഷകര്‍ അനുമാനിക്കുന്നു. ഹോട്ടലിന്റെ കഫറ്റീരിയയിലും ഇടനാഴിയിലുമാണ് പൊട്ടിത്തെറി നടത്തിയത്. സംഭവത്തില്‍ സംശയിക്കുന്ന 13 പേരെ അന്വേഷകര്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് ഈ അറസ്റ്റുകള്‍ നടന്നിട്ടുള്ളത്. ആക്രമണങ്ങളെല്ലാം നടത്തിയത് ഒരു ഗ്രൂപ്പാണെന്നാണ് സര്‍ക്കാരിന്റെ നിഗമനമെന്നും റിപ്പോര്‍ട്ടുണ്ട്. കൊളംബോയിലെ ദേമാതാഗോഡ മേഖലയില്‍ നിന്നാണ് ഏഴ് അറസ്റ്റ് നടന്നത്.

ഒരു വാന്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഡ്രൈവറും പിടിയിലുണ്ട്. അക്രമികളെ ഇതിലാണ് കൊളംബോയിലെത്തിച്ചതെന്നാണ് വിവരം. സ്‌ഫോടനം നടന്ന ശ്രീലങ്കയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേരളം ആലോചിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്.

തുടര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വീട്ടിലേക്ക് ചോദ്യം ചെയ്യലിനായി കയറിയതായിരുന്നു പൊലീസുകാര്‍. അകത്തുണ്ടായ ഒരു സ്‌ഫോടനത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവങ്ങളില്‍ തമിഴ് തീവ്രവാദി പങ്കില്ല എന്നാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരുകയാണ്. രാജ്യത്തിന്റെ ഉന്നത സൈനികനേതൃത്വവുമായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തിരയോഗം നടത്തി. ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലേക്ക് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്ക് രാജ്യാന്തരബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പ്രാദേശികസമയം 8.45 ഓടെ ആയിരുന്നു സ്‌ഫോടനങ്ങള്‍. തുടര്‍ച്ചയായി ആറുസ്‌ഫോടനങ്ങളും മണിക്കൂറുകള്‍ക്കു ശേഷം രണ്ടു സ്‌ഫോടനങ്ങളുമാണ് നടന്നത്. എട്ടു സ്‌ഫോടനങ്ങളില്‍ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: