തായ്ലന്‍ഡില്‍ മൂന്ന് ദിവസത്തെ കിരീടധാരണ ചടങ്ങുകള്‍ ആരംഭിച്ചു; മഹാ വാജിരലോങ്കോണ്‍ ഇനി രാമ പത്താമന്‍…

ഇന്നു മുതല്‍ മൂന്നു ദിവസം തായ്ലന്‍ഡില്‍ പരമ്പരാഗത അനുഷ്ഠാനങ്ങളുടെയും രാജകീയ പ്രൗഢിയുടെയും മഹാ ഉത്സവം തന്നെ അരങ്ങേറും. ഹിന്ദുമത- ബുദ്ധ മത പാരമ്പര്യങ്ങള്‍ ഇഴചേരുന്ന അനുഷ്ഠാന പരമ്പരകള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കും. ഭരണഘടനാപരമായി സാധുതയുള്ള രാജാവായും ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ആള്‍ദൈവമായും മഹാ വാജിരലോങ്കോണ്‍ എന്ന നിലവിലെ രാജാധികാരി ഇന്ന് അധികാരത്തിന്റെ കിരീടം ചൂടും. പുതിയ രാജാവിനെ രാജ്യത്തിന്റെ കണ്‍കണ്ട ദൈവമായി പരിവര്‍ത്തിപ്പിക്കാനുള്ള മൂന്നുദിവസത്തെ പൂജകള്‍ക്കാണ് ഇന്ന് മുതല്‍ തായ്ലന്‍ഡ് തലസ്ഥാനം ബാങ്കോക്കില്‍ തുടക്കമാകുന്നത്.

പരമ്പരാഗതമായ വിശ്വാസവും രാഷ്ട്രീയവും ഇഴചേരുന്ന ചടങ്ങുകളുടെ ആദ്യ ദിവസമായ ഇന്ന് കിരീടമണിയുകയും രാജാധികാരത്തിന്റെ എഴ് തട്ടുള്ള കുട ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ട് മഹാ വാജിരലോങ്കോണ്‍ രാമ പത്താമനായി അവരോധിക്കപ്പെട്ടു. വിശുദ്ധജലം ഉപയോഗിച്ച് പുതിയ രാജാവിനെ ശുദ്ധീകരിച്ച് പാപങ്ങള്‍ കഴുകിയശേഷം രാജ്യം ഏല്‍പ്പിക്കണമെന്നാണ് തായ്ലാന്റുകാരുടെ വിശ്വാസം. മണിക്കൂറുകള്‍ നീണ്ട ശുദ്ധീകരണ ചടങ്ങിനൊടുവിലാണ് ഇദ്ദേഹം കിരീടമണിയാന്‍ ഒരുങ്ങിയത്. മൂന്നു ദിവസത്തെ ചടങ്ങുകള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും ‘ഞാന്‍ എന്റെ രാജ്യത്തിനും പ്രജകളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കു’മെന്ന രാജാവിന്റെ ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുക.

മുന്‍ രാജാവ് ഭുമിബോലിന്റെ മരണശേഷമാണ് രാമ പത്താമന്‍ തായ്ലണ്ടിന്റെ കിരീടമണിയുന്നത്. 2016 മുതല്‍ക്കുതന്നെ ഇദ്ദേഹം മുന്‍ രാജാവിന്റെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട് അധികാരമേറ്റെടുത്തെങ്കിലും ഇപ്പോഴാണ് കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത്. കിരീടധാരണത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജാവ് തന്റെ അംഗരക്ഷകയെ തായ്ലന്‍ഡ് രാജ്ഞിയായും തന്റെ ജീവിത പങ്കാളിയായും തിരഞ്ഞെടുത്തത് വലിയ വാര്‍ത്തയായിരുന്നു.

രാജാവിനെ ദൈവമായി കണ്ടുകൊണ്ട് ആരാധിക്കുന്ന, രാജാവിന് പ്രതീകാത്മകമായ ഒട്ടേറെ ചുമതലകളുമുള്ള തായ്ലന്‍ഡില്‍ രാജാവിനെയും രാജാധികാരത്തെയും വിമര്‍ശിക്കുന്നതിനു നിയമം മൂലം തന്നെ വിലക്കുണ്ട്. ‘ലെസെ മജസ്റ്റി’ എന്നറിയപ്പെടുന്ന ഈ നിയമപ്രകാരം രാജാധികാരം ദൈവദത്തമാണ്. പൊതുജനങ്ങള്‍ രാജകൊട്ടാരത്തിലുള്ളവരെ വിമര്‍ശിക്കുന്നത് മാത്രമല്ല, അവരെ കാണുന്നതിന് പോലും നിരവധി വിലക്കുകളുണ്ട്. രാജകൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആരെയെങ്കിലും എന്തെങ്കിലും തരത്തില്‍ പരിഹസിച്ചാല്‍ കടുത്ത ശിക്ഷകളാകും നല്കപ്പെടുക. മുന്‍ രാജാവിനെ പോലെ ജനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളായിരിക്കും രാമ പത്താമന്‍ രാജാവ് എന്നാണ് തായ്ലന്‍ഡുകാരുടെ പ്രാര്‍ത്ഥന.

Share this news

Leave a Reply

%d bloggers like this: