യുഎഇ ചാരന്‍മാര്‍ ഒമാനില്‍ പിടിയില്‍; അയച്ചത് നിര്‍ണ്ണായക ഭരണകാര്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍

ഒമാന്റെ നിര്‍ണ്ണായക ഭരണകാര്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ യുഎഇ ഒരു ചാര സംഘടനയെ അയച്ചു എന്ന ഗുരുതരമായ ആരോപണവുമായി ഒമാന്‍ സര്‍ക്കാര്‍. യുഎഇ ഭരണാധികാരികള്‍ ഈ സംഘടനയെ നേരിട്ട് നിയമിച്ചതായും, ചാരന്മാരെന്ന് ആരോപിച്ച് ചിലരെ അറസ്റ്റ് ചെയ്തതായും ഒമാന്‍ അവകാശപ്പെടുന്നുണ്ട്. ലെബനീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അക്ബര്‍ പത്രമാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് യുഎഇ തൊട്ടടുത്തുള്ള ഗള്‍ഫ് രാജ്യമായ ഒമാനില്‍ ചാരന്മാരെ അയച്ചതെന്നാണ് അല്‍ അക്ബര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എമിറേറ്റുമായി ബന്ധപ്പെട്ട ഇങ്ങനെ ഒരു ചാര സംഘടന ഒമാനില്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന വസ്തുത തങ്ങളെ ഞെട്ടിപ്പിച്ചുവെന്നാണ് യുഎഇ ഭരണകൂടം പ്രതികരിച്ചത്. മസ്‌കറ്റും അബുദാബിയും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാക്കാനായി യുഎഇ മനഃപൂര്‍വം പ്രവര്‍ത്തിക്കുന്നുവെന്നാണ് ഒമാന്റെ ആരോപണം.

ഒമാന്‍ ഭരണക്രമത്തെയും മിലിട്ടറിയെയും സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് യുഎഇ ചോര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് പേര് വെളിപ്പെടുത്താനാകാത്ത ചില ഉന്നത വ്യക്തികള്‍ പറഞ്ഞതായി അല്‍ അക്ബര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011 ലും ഒമാന്റെ ഭരണത്തെ നിരീക്ഷിക്കാന്‍ യുഎഇ ചാരന്മാരെ അയച്ചുവെന്ന് ഒമാന്‍ ആരോപിച്ചിരുന്നു. ചാരന്മാരെകുറിച്ചുള്ള ഒമാന്‍ അന്വേഷണത്തിന് പരിപൂര്‍ണ്ണ സഹായവും സഹകരണവും നല്‍കുമെന്ന് യുഎഇ ഭരണകര്‍ത്താക്കന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: