‘ചൈന കരാര്‍ ലംഘിച്ചു’: ഡൊണാള്‍ഡ് ട്രംപ്; യുഎസ്‌ചൈന വ്യാപാരയുദ്ധം കൂടുതല്‍ ശക്തമാകും…ഇന്ത്യന്‍ രൂപയടക്കമുളള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയ്ക്കും വഴിയൊരുങ്ങുന്നു…

വാഷിങ്ടണ്‍ ഡി.സി : ചൈനയും -യുഎസും തമ്മിലുള്ള വ്യാപാര കരാറിലുള്ള ചര്‍ച്ച എങ്ങും എത്താതെ പിരിഞ്ഞു. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം നികുതി വര്‍ദ്ധിപ്പിക്കാന്‍ യു.എസ് നീക്കം. ലോക സാമ്പത്തിക ശക്തികള്‍ തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഈ വര്‍ഷം ലോക രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ കുറവ് വരുമെന്ന് ഡബ്‌ളിയു .ടി .ഓ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ യു.എസ്.-ചൈന വ്യാപാര യുദ്ധം കനത്ത തിരിച്ചറിയുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം പോലുള്ള പ്രതിസന്ധികള്‍ ഉടലെടുത്തേക്കാമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ പങ്കു വെയ്ക്കുന്നു. രണ്ടു ലോക ശക്തികളും തമ്മിലുള്ള മറ്റൊരു ചര്‍ച്ചയും ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ചൈന മുന്നോട്ടു വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹെയും അമേരിക്കന്‍ പ്രതിനിധി റോബര്‍ട്ട് ലൈതൈസറിനും തമ്മിലുള്ള അവസാനവട്ട പ്രശ്‌ന പരിഹാര ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 20000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. ഇതോടെ യുഎസ്‌ചൈന വ്യാപാരയുദ്ധം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പായി.

അനുയോജ്യമായ തുടര്‍നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ചൈനീസ് വാണിജ്യ മന്ത്രാലയം ഉന്നതതല ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണെന്നും വ്യക്തമാക്കി. പരസ്പര സഹകരണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ചൈനയുമായി ഇപ്പോഴും വ്യാപാരക്കരാറിന് സാധ്യതകളുണ്ടെന്ന് ലൈതൈസറിനും പറഞ്ഞു.

എന്നാല്‍, ഇരു രാജ്യങ്ങളുടേയും ഈ നടപടി ആഗോള സമ്പദ്വ്യവസ്ഥയെ കൂടുതല്‍ അസ്ഥിരപ്പെടുത്തിയേക്കുമെന്ന് നിക്ഷേപകര്‍ ഭയക്കുന്നു. ദക്ഷിണ ചൈനാ കടല്‍ പ്രശ്‌നം, വ്യാവസായിക ചാരവൃത്തി പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ വഷളാവാനും സാധ്യതയുണ്ട്. രണ്ട് ലോക സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ രൂപയടക്കമുളള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയ്ക്കും അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയരുന്നതിനും ഇടായാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഈ വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നും ലോകത്തെ ബിസിനസ്സ് നിക്ഷേപകരുടെ ആത്മവിശ്വാസം തകരുന്നതു വഴി നിക്ഷേപ മേഖല ദീര്‍ഘകാല പ്രതിസന്ധികളിലേക്ക് നീങ്ങുമെന്നും ഐഎംഎഫും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ചൈനയില്‍ നിന്നും തനിക്ക് ‘മനോഹരമായൊരു’ കത്ത് ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ”നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, നമുക്ക് എന്തെങ്കിലും ചെയ്യാനാവുമോയെന്ന് നോക്കാം” എന്ന് അതില്‍ എഴുതിയിരുന്നതായും ചൈനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി. എങ്ങിനെയെങ്കിലും കരാര്‍ ഉറപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും ചൈനക്ക് അതില്‍ ഒട്ടും താല്‍പ്പര്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ദീര്‍ഘകാലമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നേരിയ ഉണര്‍വ്വും ഉണ്ടായി. എന്നാല്‍ വ്യാപാര കരാര്‍ ചൈന ലംഘിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ കനത്ത പ്രതിസന്ധിയിലേക്കാണ് വ്യാപാരകേന്ദ്രങ്ങള്‍ പോകുന്നത്.

നികുതി വര്‍ദ്ധനയോടെ 150 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഇറക്കുമതിയാണ് തടസ്സപ്പെടാന്‍ പോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ചൈനക്ക് അത് കനത്ത തിരിച്ചടിയാണ്. മൂന്നാം പാദത്തല്‍ ചൈന കൈവരിച്ച 6.5ശതമാനം വളര്‍ച്ച 2009-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. കഴിഞ്ഞ വര്‍ഷം കനത്ത നഷ്ടം രേഖപ്പെടുത്തിയ ഓഹരി വിപണികളിലൊന്ന് ചൈനയുടെതായിരുന്നു. ഇരു രാജ്യങ്ങളും ഇനി സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.

Share this news

Leave a Reply

%d bloggers like this: