നിപ ബാധ: പനി ബാധിച്ച യുവാവിനൊപ്പമുണ്ടായിരുന്ന ആറ് പേര്‍ നിരീക്ഷണത്തില്‍, കോഴിക്കോടുനിന്നുള്ള വിദഗ്ദ സംഘം കൊച്ചിയിലേക്ക്…

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രിയുടെ പ്രതിരണത്തിന് പിന്നാലെ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെ സജ്ജീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അതേസമയം, പനിബാധിച്ച് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി അടുത്ത ബന്ധമുള്ള 6 പേര്‍ നിരീക്ഷണത്തിലാണെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു.

വിദ്യാര്‍ത്ഥി പരീശീലനത്തിന് എത്തിയ തൃശ്ശൂരിലെ സ്ഥാപനത്തില്‍ യുവാവിന്റെ കൂടെയുണ്ടായിരുന്നവരാണ് നിരീക്ഷണത്തില്‍ കഴിയന്നത്. എന്നാല്‍ ഇവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ല. മുന്‍ കരുതല്‍ എന്ന നിലയിലാണ് നിരീക്ഷണം എന്നും ഡിഎംഒ പ്രതികരിച്ചു. പറവൂര്‍ സ്വദേശിയായ യുവാവിന്റെ കുടുംബവും നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ യുവാവ് പഠിക്കുന്ന തൊടുപുഴയിലെ കോളജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ പ്രതികരിച്ചു.

അതേസമയം, നിപ സ്ഥിരീകരിച്ച് പൂനെയിലെ വയറോളജി ഇന്‍സ്റ്റിട്യൂട്ടിലെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും മുന്‍ കരുതല്‍ ശക്തമാക്കുകയാണ് അരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി കോഴിക്കോട്ടു നിന്നള്ള ആറംഗ മെഡിക്കല്‍ സംഘം കൊച്ചിലേക്ക് തിരിച്ചു. നിപ കാലത്ത് നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദിനിയുടെ നേതൃത്വത്തിലുള്ള നിപ ചികില്‍സയില്‍ മുന്‍പരിചയമുള്ള മുന്ന് ഡോക്ടര്‍ ഉള്‍പ്പെടുന്ന ആരംഗ സംഘമാണ് കൊച്ചിയിലെത്തുക. ഇവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദഗ്ദ ചികില്‍സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. അതിനിടെ സാഹചര്യം സംബന്ധിച്ച് കൊച്ചി ഡിഎംഒ ഓഫീസില്‍ ഉന്നത തലയോഗവും നടക്കുന്നുണ്ട്.

അതിനിടെ, നിപ സംബന്ധിച്ച അടിയന്തിര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഇതിനായി ആരോഗ്യമന്ത്രി എറണാകുളത്തേതക്ക് തിരിച്ചു. അരോഗ്യ സെക്രട്ടറിയും ഡിഎച്ച് എസും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡ് ആരംഭിക്കും. കോഴിക്കോടിന് സ്വീകരിച്ച ഏല്ലാ നടപടികളും ഇത്തവണയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നിപ ബാധ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ സംസ്ഥാനത്ത് ഉണ്ട്. കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ച എത്തിച്ചിരുന്ന മരുന്നുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: