ആമസോണ്‍ പൗള്‍ട്ടറി ഫാമുകളില്‍ കോഴികള്‍ ഉപദ്രവിക്കപെടുന്നു : ജെസ് ബെസോസ് സംസാരിക്കുന്ന വേദിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജയെ അറസ്റ്റ് ചെയ്തു

ലാസ് വെഗാസ് : ആമസോണ്‍ പൗള്‍ട്രി ഫാമുകളില്‍ കോഴികള്‍ ഉപദ്രവിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് സംസാരിക്കുന്ന വേദിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജയുടെ അറസ്റ്റ് രേഖപ്പെടുത്തി. ലാസ് വെഗാസില്‍ വെച്ചു നടന്ന പരിപാടിയുടെ വേദിയിലേക്കാണ് പ്രിയ സാഹ്നി എന്ന 30കാരി ഇടിച്ചുകയറിച്ചെന്നത്.

അതിക്രമിച്ചു കയറിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. ”നിങ്ങള്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ആളാണ്. നിങ്ങള്‍ ആമസോണിന്റെ പ്രസിഡണ്ടാണ്. നിങ്ങള്‍ക്ക് മൃഗങ്ങളെ സഹായിക്കാനാകും” എന്ന് ആക്രോശിച്ചായിരുന്നു സാഹ്നി ബെസോസിനടുത്തേക്ക് കടന്നു കയറാന്‍ ശ്രമിച്ചത് . എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ ഇവരെ തടഞ്ഞു.

കാലിഫോര്‍ണിയയിലെ ബെര്‍കിലിയില്‍ താമസക്കാരിയായ പ്രിയ സാഹ്നി ആമസോണിലൂടെ കോഴികളെ വിതരണം ചെയ്യുന്ന ചില സ്ഥാപനങ്ങള്‍ കോഴികളെ പരിചരിക്കുന്ന രീതിയില്‍ പ്രതിഷേധിക്കുകയായിരുന്നു എന്നാണ് വിവരം.

പ്രിയ വേദിയിലേക്ക് കയറുമ്പോള്‍ ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബെസോസ്. കോഴികളെ ഉപദ്രവിക്കുന്നതില്‍ നിന്നും ആമസോണ്‍ പിന്മാറണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പ്രിയ വേദിയിലേക്ക് കയറിയത്.

Share this news

Leave a Reply

%d bloggers like this: