സുഡാന്‍ പ്രക്ഷോഭം: സൈന്യം നടത്തുന്നത് വ്യാപക ലൈംഗികാതിക്രമങ്ങള്‍, ബലാത്സംഗത്തിന് ഇരയായി എഴുപതോളം പേര്‍ ആശുപത്രിയില്‍…

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രക്ഷോഭകരെ നേരിടാനെത്തിയ സൈന്യം എഴുപതിലേറെ പേരെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. സമരക്കാര്‍ക്കു നേരെ കഴിഞ്ഞ തിങ്കളാഴ്ച സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ 108 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബലാത്സംഗം സംബന്ധിച്ച വിവരം പുറത്ത് വരുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടക്കാല സൈനിക ഭരണത്തിനെതിരെ സമരം ചെയ്യുന്നവരുടെ പ്രധാന ആവശ്യം.

അതേസമയം, സൈന്യം നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി ഇപ്പോഴും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശയവിനിമയത്തിന് കടുത്ത നിയന്ത്രണങ്ങളാണ് നിലവില്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതാണ് സൈന്യം നടത്തിയ ക്രൂരതകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാതിരിക്കാനുള്ള പ്രധാനകാരണം. എന്നാല്‍ ഖാര്‍ത്തൂമിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച എഴുപതിലേറെ പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാരുടെ സെന്‍ട്രല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈനികനടപടിയെ തുടര്‍ന്ന് ചികിത്സതേടിയവരാണ് ഇവര്‍.

ഖാര്‍ത്തൂമിലെ റോയല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ എട്ടു പേര്‍, അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും, ബലാത്സംഗം ചെയ്യപ്പെട്ടതായി അവരെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സൈനികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരകളായ പലരും വൈദ്യചികിത്സ തേടിയിട്ടില്ല. പ്രതികാരനടപടികളെ ഭയക്കുന്നതുകൊണ്ടോ, നഗരത്തിലെ അരക്ഷിതാവസ്ഥയോ, പരിമിതമായ ചികിത്സയെ ലഭ്യമാകൂ എന്നതുള്‍പ്പെടെയാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. സൈന്യം വ്യാപകമായി ലൈംഗികാതിക്രമം നടത്തിയെന്ന റിപ്പോര്‍ട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ വലിയ രീതിയിലുള്ള അറസ്റ്റും ഭീഷണിയും നിലനില്‍കെ തന്നെ സുഡാനിലെ ദേശവ്യാപക നിയമലംഘന സമരം തുടരുകയാണ്. നൂറിലധികം പേരുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങാന്‍ സുഡാനിലെ പ്രധാന പ്രതിപക്ഷമായ സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ (എസ്.പി.എ) ജനങ്ങളോട് ആഹ്വാനം ചെയ്തു. ഖാര്‍ത്തൂമിലെയും അയല്‍ നഗരമായ ഓംദുര്‍മാനിലും വ്യാപാര സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്.

അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്ക സുഡാനിലേക്ക് പ്രതിനിധിയെ അയച്ചു. ഏകാധിപതിയായിരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സൈന്യം സുഡാന്റെ അധികാരം ഏറ്റെടുത്തത്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അതോടെ സൈന്യത്തിനെതിരെ ജനകീയ സമരവും ശക്തമായി. മൂന്നു വര്‍ഷത്തേക്ക് സുഡാനില്‍ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള പട്ടാളവും പ്രക്ഷോഭകരും തമ്മിലുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതില്‍ സൈന്യം നാടകീയമായി പിന്മാറിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.

Share this news

Leave a Reply

%d bloggers like this: