അബ്ബ വിമാനത്താവളത്തിനു നേരെ ഹൂതി ആക്രമണം; വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ പരിക്കേറ്റവരിലുണ്ടെന്ന് സൗദി അറിയിച്ചു…

സൗദി അറേബ്യയുടെ അബ്ബ വിമാനത്താവളത്തിനു നേരെ യമനിലെ ഹൂതി വിമതരുടെ ആക്രമണം. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ പരിക്കേറ്റവരിലുണ്ടെന്ന് സൗദി അറിയിച്ചു. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറൈവല്‍സ് ഹാളിന്റെ കെട്ടിത്തിലേക്കാണ് മിസ്സൈല്‍ വീണത്. സൗദി നയിക്കുന്ന ഒമ്പതംഗ രാജ്യങ്ങളുടെ സഖ്യമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

ഏതുതരം മിസ്സൈലുപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാനില്‍ നിന്ന് ഹൂതി വിമതര്‍ വന്‍തോതില്‍ ആധുനിക ആയുധങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നതിന് തെളിവാണ് ഇപ്പോഴത്തെ ആക്രമണമെന്ന് സൗദി സഖ്യം പറയുന്നു.
ക്രൂയിസ് മിസ്സൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മാസിറാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനിലെ ഹൂതികളുടെ ചാനലാണിത്. ഹൂതികളയച്ച രണ്ട് ഡ്രോണുകളെ തങ്ങള്‍ തകര്‍ത്തുവെന്ന് കഴിഞ്ഞദിവസം സൗദി സഖ്യം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്. സൗദിയിലെ ഖാമിസ് മുഷൈത് നഗരത്തെ ലക്ഷ്യമാക്കിയാണ് ഡ്രോണുകള്‍ നീങ്ങിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കിങ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമാക്കുകയായിരുന്നു തങ്ങളെന്നാണ് ഹുതി വിമതര്‍ പിന്നീട് വെളിപ്പെടുത്തിയത്. കഴിഞ്ഞമാസവും ബോംബ് നിറച്ചെത്തിയ ഡ്രോണുകളെ സൗദി വീഴ്ത്തിയിരുന്നു.

സൗദി സഖ്യം യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രത്യാക്രമണത്തിന് കാരണമായത്. സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെയും ഹൂതികള്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇവ ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഹൂതികള്‍ പുറത്താക്കിയ യെമന്‍ പ്രസിഡണ്ട് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിയെ പിന്തുണച്ചാണ് സൗദി സഖ്യം നീക്കങ്ങള്‍ നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: