ഇറാന്‍ നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്…

ഇറാനെതിരെ കര്‍ശനമായ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യു.എസ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെയും, എട്ട് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയില്‍ ധനകാര്യ ബന്ധങ്ങളില്‍ നിന്നു വിലക്കുന്നതാണ് ഉപരോധം. വിദേശകാര്യ മന്ത്രി ജവാദ് സരിഫും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. ഇറാനിയന്‍ നയതന്ത്രത്തിന് നേതൃത്വം നല്‍കുന്ന അദ്ദേഹമാണ് 2015 ലെ ആണവകരാര്‍ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.

‘ഈ നടപടികള്‍ ഇറാന്റെ വര്‍ദ്ധിച്ചുവരുന്ന പ്രകോപനപരമായ നടപടികളോടുള്ള ശക്തവും ആനുപാതികവുമായ പ്രതികാരണമാണെന്ന്’ ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ‘ഇറാനുള്‍പ്പടെയുള്ള ഒരു രാഷ്ട്രവുമായും ഞങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ആണവായുധം കൈവശംവെക്കാന്‍ ഒരിക്കലും ഞങ്ങള്‍ ഇറാനെ അനുവദിക്കില്ല എന്നു മാത്രമേ ഇപ്പോള്‍ പറയാനാവൂ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ കോടിക്കണക്കിന് ഡോളര്‍ ആസ്തികളാണ് മരവിപ്പിക്കപ്പെടുന്നതെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനകം തന്നെ വന്‍തോതില്‍ ഉപരോധം നേരിടുന്ന ഒര്രു രാജ്യത്ത് പുതിയ ഉപരോധങ്ങളുടെ സ്വാധീനം പരിമിതമായിരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഭാഗമായ നാവികസേന, വ്യോമസേന, കരസേന എന്നിവയിലെ എട്ട് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ലക്ഷ്യമിടുന്നതായി ട്രഷറി പ്രസ്താവനയില്‍ പറയുന്നു. യാതൊരു മുന്‍വിധിയുമില്ലാതെ ടെഹ്റാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. പക്ഷെ, ഉപരോധം അത്തരം ചര്‍ച്ചകളുടെ സാധ്യത ഇല്ലാതാക്കുകയാണു ചെയ്യുന്നത്, പ്രത്യേകിച്ചും സരിഫിനെതിരെയും ഉപരോധ മേര്‍പ്പെടുത്തിയാല്‍. ‘ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരാളുമായി തെളിവാര്‍ന്ന മനസ്സോടെ ആര്‍ക്കും ചര്‍ച്ച നടത്താന്‍ കഴിയില്ല. ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം അതിന് സാധ്യതയുമില്ല’- യുഎന്നിലെ ഇറാന്‍ അംബാസഡര്‍ മജിദ് തഖ്ത്-രവാഞ്ചി പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ട പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമായിരുന്നെന്നും ട്രംപ് വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ, ഒമാന്‍ ഉള്‍ക്കടലിന് മീതെയും ഇറാന്‍ വ്യോമപാതയിലും പറക്കുന്നത് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഒഴിവാക്കി. ഇറാന്‍ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചര്‍ച്ച നടത്തി.

Share this news

Leave a Reply

%d bloggers like this: