സര്‍ക്കാരുദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ആക്രമിച്ച് ബി.ജെ.പി എം.എല്‍.എ ആകാശ് വിജയവര്‍ഗിയ…

സര്‍ക്കാരുദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ആക്രമിച്ചതിന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയവര്‍ഗിയയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെയാണ് ബാറ്റുപയോഗിച്ച് ആകാശ് മര്‍ദിച്ചത്.

ഇന്‍ഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആകാശിന്റെ അക്രമം. ഈ കെട്ടിടം തകരാന്‍ തുടങ്ങിയിരുന്നു. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസര്‍മാര്‍ക്കുനേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പത്തു മിനിറ്റിനുളളില്‍ സ്ഥലം കാലിയാക്കണം എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മര്‍ദ്ദനം.

പ്രദേശവാസികള്‍ ആവശ്യപ്പെട്ടാണ് എംഎല്‍എ സ്ഥലത്തെത്തിയത്. കെട്ടിടത്തില്‍ വാടകക്കാര്‍ താമസിക്കുന്നുണ്ട്. അവര്‍ മാറാന്‍ തയ്യാറല്ല. എന്നാല്‍ അപകടനിലയിലുള്ളതും അനധികൃതമായി നിര്‍മിച്ചതുമായ കെട്ടിടം പൊളിക്കുമെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. അറസ്റ്റിനു മുമ്പ് മാധ്യമങ്ങളോട് ആകാശ് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. അഴിമതിയും ഗുണ്ടായിസവും അവസാനിപ്പിക്കാനാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ‘ആദ്യം അഭ്യര്‍ത്ഥിക്കും, പിന്നീട് അപേക്ഷിക്കും, ഒടുവില്‍ മര്‍ദ്ദിക്കും,’ ആകാശ് പറഞ്ഞു.

ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരുടെയും പോലീസിന്റെയും മുന്നില്‍ വെച്ചാണ് എംഎല്‍എയും അനുയായികളും ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചത്. കോര്‍പ്പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ ധീരേന്ദ്ര ബ്യാസും അസിത് ഖാരെയുമാണ് ആക്രമണത്തിനിരയായത്. താന്‍ ദേഷ്യത്തിലായിരുന്നെന്നും എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നും ആകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അനുയായികള്‍ക്കെതിരെയും കേസുണ്ട്.

Share this news

Leave a Reply

%d bloggers like this: