ലോക മന:സാക്ഷിയെ ഞെട്ടിച്ച് വീണ്ടുമൊരു കുടിയേറ്റ ചിത്രം…

അമേരിക്കന്‍-മെക്‌സിക്കന്‍ അധികൃതര്‍ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനു പിന്നാലെ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ മരിക്കുന്നവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. അമേരിക്കയില്‍ എത്താനുള്ള ശ്രമത്തിനിടെ നദിയില്‍ മുങ്ങിമരിച്ച അച്ഛന്റേയും ഒന്നര വയസുള്ള മകളുടേയും മൃതദേഹത്തിന്റെ ചിത്രം ലോകം മുഴുവന്‍ ഞെട്ടലോടെയാണ് കണ്ടത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡേ നദീതീരത്ത് കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍. പിതാവിന്റെ ടീ ഷര്‍ട്ടിനകത്തേക്ക് കുഞ്ഞുകൈകള്‍ ചേര്‍ത്ത് മരിച്ചു മരവിച്ചു കിടക്കുന്ന കുഞ്ഞിന്റെ ചിത്രം ലോക മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.

അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിന് യു.എസും മെക്‌സിക്കോയും കര്‍ശനമായ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതിനു പിന്നാലെ ഇവിടെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഇവരില്‍ ഭൂരിഭാഗവും മധ്യ അമേരിക്കയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞത് ആറ് പേര്‍ക്കെങ്കിലും ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളിലെ അനിയന്ത്രിതമായി തുടരുന്ന അക്രമങ്ങളും ദാരിദ്ര്യവുമാണ് പലരേയും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിപ്പിക്കുന്നത്. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്ന ട്രംപിന്റെ നയങ്ങള്‍ അവരെ കൂടുതല്‍ അപകടപ്പെടുത്തുന്നുവെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ പറയുന്നു. 2018-ല്‍ യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 283 കുടിയേറ്റക്കാരാണ് മരണപ്പെട്ടതെന്ന് യു.എസ് ബോര്‍ഡര്‍ പെട്രോള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ എണ്ണം അതിലും കൂടാനാണ് സാധ്യതയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

വടക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ തമൌലിപാസിലെ മാറ്റമോറോസില്‍ നിന്ന് ടെക്‌സസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സാല്‍വഡോര്‍ സ്വദേശിയായ ഓസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമെറസും (25) മകള്‍ വലേറിയയും (23 മാസം) മുങ്ങിമരിച്ചത്. അമ്മ നോക്കിനില്‍ക്കെയായിരുന്നു രണ്ടുപേരുടെയും ദാരുണാന്ത്യം. മകളെയും കൊണ്ട് ആദ്യം നീന്തി അക്കരെ കടന്ന ഓസ്‌കര്‍ മകളെ അവിടെ ഇരുത്തിയ ശേഷം ഭാര്യയെ കൊണ്ടുവരാന്‍ തിരികെ പോവുകയായിരുന്നു. ഒറ്റയ്ക്ക് നദിക്കരയില്‍ പേടിച്ചരണ്ട മകള്‍ ഇതിനിടെ നദിയിലേക്ക് ചാടുകയായിരുന്നു. ഓസ്‌കാര്‍ തിരിച്ചു നീന്തി മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ പിതാവിന് സാധിച്ചില്ല. മെക്‌സിക്കന്‍ മാധ്യമ പ്രവര്‍ത്തകയായ ജൂലിയ ലെ ഡ്യൂക്ക് ആണ് ഈ ചിത്രം പകര്‍ത്തിയത്. ”ഈ ഫോട്ടോ കണ്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്‌തെങ്കില്‍. അതിര്‍ത്തിയിലെ നദിയില്‍ ഇങ്ങനെ മുങ്ങി മരിക്കുന്ന അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇനിയും ആവില്ല”, ജൂലിയ ബിബിസിയോട് പറഞ്ഞു.

എല്‍സാല്‍വഡോറില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഒസ്‌കാറും കുടുംബവും മെക്‌സിക്കോയില്‍ എത്തിയത്. അമേരിക്കയിലേക്ക് കുടിയേറാന്‍ ഇവര്‍ അപേക്ഷിച്ചിരുന്നെങ്കിലും സമയത്തിനു യുഎസ് അധികൃതര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നായിരുന്നു നദി കുറുകെ കടക്കാനുള്ള ഇവരുടെ തീരുമാനം. ഒരു മാസം മുമ്പാണ് അമേരിക്കയും മെക്‌സിക്കോയും അനധികൃതമായുള്ള കുടിയേറ്റ വിഷയത്തില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തിരികെ കയറ്റി അയയ്ക്കുന്നവരുടെയും ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ തടവിലാക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നതിലൂടെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നുവെന്ന് പറഞ്ഞ എല്‍സാല്‍വഡോറിലെ വിദേശകാര്യ മന്ത്രി അലക്‌സാണ്ട്ര ഹില്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും പൌരന്മാരോട് aആവശ്യപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ചെലവുകള്‍ വഹിക്കുമെന്നും ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഭയാര്‍ഥികള്‍ മരിച്ചതില്‍ വളരെയധികം ദുഃഖമുണ്ടെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാന്വല്‍ ലോപസ് പറഞ്ഞു.

അതിര്‍ത്തി നയങ്ങളെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ്‌റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. നയങ്ങള്‍ ശരിയാക്കിയാല്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കില്ലെന്നും അദ്ദേഹം പറയുന്നു. അച്ഛന്റെയും മകളുടെയും മരവിച്ച ചിത്രം കണ്ട ട്രംപ് ‘ഞാനിത് വെറുക്കുന്നു’വെന്നാണ് പറഞ്ഞത്. അഭയാര്‍ത്ഥി പ്രവാഹം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ മുഴുവന്‍ കെടുതികളും ലോകത്തിനു മുമ്പില്‍ എത്തിച്ച അലന്‍ കുര്‍ദി എന്ന ബാലന്‍ കടല്‍ത്തീരത്ത് മരിച്ചു കിടക്കുന്ന ചിത്രത്തോടാണ് അമേരിക്കന്‍-മെക്‌സിക്കോ അതിര്‍ത്തിയിലെ ഈ മരണം താരതമ്യപ്പെടുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: