യൂറോപ്യന്‍ ഉഷ്ണതരംഗം: അപകടസാധ്യത മുന്നറിയിപ്പ്; ഫ്രാന്‍സിലെ താപനില 45.9 ഡിഗ്രി വരെയെത്തി…

ജനങ്ങളുടെ ജീവന് പോലും ഭീഷണി ഉയര്‍ത്തി യൂറോപ്പിലാകമാനം വീശുന്ന ഉഷ്ണക്കാറ്റ് മേഖലയില്‍ താപനില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. ഫ്രാന്‍സിലെ താപനില 45.9 ഡിഗ്രിയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. തെക്കന്‍ ഗ്രാമമായ ഗല്ലാര്‍ഗ്യൂസ്-ലെ-മോണ്ട്യൂക്‌സിലാണ് ഏറ്റവും പുതിയ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുന്‍പ് 2003-ല്‍ ഉഷ്ണക്കാറ്റ് അടിച്ചപ്പോള്‍ 44.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില.

നിലവിലെ സാഹചര്യത്തില്‍ ‘എല്ലാവര്‍ക്കും അപകടസാധ്യതയുണ്ടെന്ന്’ ആരോഗ്യമന്ത്രി ആഗ്‌നസ് ബുസിന്‍ മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സിന്റെയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം നാല് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അവയെല്ലാം തെക്കന്‍ മേഖലകളില്‍ ആണെങ്കിലും ബാക്കി രാജ്യത്തിന്റെ ഭൂരിഭാഗവും ഓറഞ്ച് അലേര്‍ട്ടിലാണ്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വരുന്ന ഉഷ്‌നക്കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മധ്യ യൂറോപ്പിലെ ഉയര്‍ന്ന മര്‍ദ്ദവും അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള കൊടുങ്കാറ്റുമാണ് ഉഷ്ണ തരംഗത്തിനു കാരണമായത്.

‘ഫ്രാന്‍സിന്റെ തെക്ക്ഭാഗം ഉഷ്ണമേഖലാ പ്രദേശമാകാന്‍ പോകുകയാണ്. നമ്മള്‍ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടിവരും’- ഗല്ലാര്‍ഗ്യൂസ്-ലെ-മോണ്ട്യൂക്‌സ് മേയര്‍ ഫ്രെഡി സെര്‍ഡ പറഞ്ഞു. ചൂട് വര്‍ധിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മാത്രം നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു, ജല നിയന്ത്രണവും നിലവിലുണ്ട്. തെക്കന്‍ ഫ്രാന്‍സിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രിയില്‍ ഉയര്‍ന്നതായി കാണിക്കുന്ന ഒരു മാപ്പ് കാലാവസ്ഥാ നിരീക്ഷകന്‍ എറ്റിയെന്‍ കപിക്കിയന്‍ ട്വീറ്റ് ചെയ്തു.

ശനിയാഴ്ച ഫ്രാന്‍സിലെ മിക്കയിടത്തും 37 സി മുതല്‍ 41 സി വരെ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യൂറോപ്യന്‍ ഉപഭൂഖണ്ടം മുഴുവന്‍ കടുത്ത ചൂടിനെ അഭിമുഖീകരിക്കുകയാണ്. ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലെല്ലാം ജൂണ്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചുട് വര്‍ധിച്ചതിന് പിന്നാലെ സ്‌പെയിനിലെ കാറ്റലോണിയയില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. അവിടെ എട്ട് പ്രവിശ്യകള്‍ റെഡ് അലേര്‍ട്ടിലാണ്. ഇറ്റാലിയിലെ 16 നഗരങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: