സുഡാന്‍ ‘മില്യന്‍ മാര്‍ച്ച്’ പ്രക്ഷോഭം: സംഘര്‍ഷം രൂക്ഷമാകുന്നു; വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു; നിരവധിയാളുകള്‍ക്ക് പരുക്ക്…

ഖാര്‍ത്തൂം: സുഡാന്‍ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 180ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിവിലിയന്മാരുടെ നേതൃത്വത്തിലേക്ക് ഭരണം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് സുഡാന്‍ ജനത വീണ്ടും തെരുവിലിറങ്ങിയത്.’മില്യന്‍ മാര്‍ച്ച്’ എന്ന പേരിലാണ് പ്രതിഷേധം അറിയപ്പെടുന്നത്. ജൂണ്‍ മൂന്നിനുണ്ടായ രക്ത രൂക്ഷിത പ്രതിഷേധത്തിന് ശേഷം ആദ്യമായാണ് ജനങ്ങള്‍ വീണ്ടും സംഘടിച്ചത്.

അതെസമയം, എന്തെങ്കിലും നാശനഷ്ടങ്ങളോ മരണങ്ങളോ സംഭവിച്ചാല്‍ മാര്‍ച്ചും അതിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുമായിരിക്കും ഉത്തരവാദികളെന്ന് സൈന്യം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. തലസ്ഥാന നഗരമായ ഖാര്‍ത്തൂം അടക്കമുള്ള വലുതും ചെറുതുമായ എല്ലാ നഗരങ്ങളിലും പ്രതിഷേധം ജ്വലിക്കുകയാണ്. ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്നും, ജൂണ്‍ 3-ലെ രക്തരൂഷിത കലാപത്തില്‍ അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനാല്‍ (ആര്‍എസ്എഫ്) ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 1989-ല്‍ സുഡാനില്‍ അവസാനമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് ദീര്‍ഘകാല പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ അധികാരത്തിലെത്തിച്ച അട്ടിമറിയുടെ മുപ്പതാം വാര്‍ഷികമായിരുന്നു ഞായറാഴ്ച.

ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിനുള്ള സമയപരിധി മെയ് മാസത്തില്‍ അവസാനിച്ചതാണ്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സൈന്യത്തിനെതിരെ ജനകീയ സമരം ശക്തമായി. പട്ടാളവും പ്രക്ഷോഭകരും തമ്മില്‍ മൂന്നു വര്‍ഷത്തേക്ക് സുഡാനില്‍ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്നും സൈന്യം നാടകീയമായി പിന്മാറി. പ്രക്ഷോഭകര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെയ്പ്പു നടത്തി. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: