കസാഖിസ്ഥാന്‍ സംഘര്‍ഷം: കുടുങ്ങിയ ഇന്ത്യാക്കാര്‍ സുരക്ഷിതര്‍, ഹോട്ടലുകളിലേക്ക് മാറ്റി, പരിക്കുകള്‍ ഗുരുതരമല്ല…

കസാഖ്‌സ്താനില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്ന് തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തെച്ചൊല്ലി തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു എന്നാണറിയുന്നത്. കസാഖ്‌സ്താനിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ടെങ്കിസ്സിലാണ് സംഘര്‍ഷം നടന്നത്.

കസാഖ്‌സ്താന്‍കാരായ വനിതാ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ലിബിയക്കാരനായ തൊഴിലാളി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇന്നലെ രാവിലെ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘടിച്ച തദ്ദേശീയര്‍ വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും ഇത് നിയന്ത്രിക്കാനായില്ല.

വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എണ്ണപ്പാടത്തിന് സമീപത്തെ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കഴിയുന്നത്. ലിബിയന്‍ തൊഴിലാളി മാപ്പ് പറഞ്ഞെങ്കിലും കസാഖ് തൊഴിലാളികള്‍ വിട്ടില്ല. ഇന്ത്യക്കാര്‍ അടക്കമുള്ള തൊഴിലാളികളെ ഇവര്‍ ആക്രമിക്കുകയായിരുന്നു. ടെങ്കിസ് എണ്ണപ്പാടത്തെ തൊഴിലാളികളില്‍ 80 ശതമാനവും തദ്ദേശീയരാണ്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ ഡസ്‌ക് തുറന്നിട്ടുണ്ട്.

പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടണം. സംഘര്‍ഷം ശമിക്കാതെ പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസാഖ്‌സ്താന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: