ഓസ്ട്രേലിയയില്‍ കാര്‍ ഇടിച്ചു കയറ്റി കുട്ടി മരിച്ച സംഭവത്തില്‍ മൂവാറ്റുപുഴക്കാരന് 9 വര്‍ഷം തടവ് ശിക്ഷ

പെര്‍ത്ത് : ഓസ്ട്രലിയയില്‍ കാര്‍ ഇടിച്ചു കയറ്റി മൂന്ന് കുട്ടികള്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും, അതില്‍ ഒരു കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ മലയാളി ബിജു പൗലോസിന് 9 വര്‍ഷം കഠിന തടവിന് വിധിച്ചു ഓസ്ട്രേലിയന്‍ സുപ്രീം കോടതി. 2018 ജൂലൈയിലായിരുന്നു സംഭവം.

കിഴക്കന്‍ പെര്‍ത്തിലെ മിഡ് വെയിലില്‍ റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറിയ ബിജുവിന്റെ ബി.എം ഡബ്‌ള്യു കാറാണ് കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത്. കാര്‍ ഓടിച്ചപ്പോള്‍ ബിജു മദ്യ ലഹരിയില്‍ ആയിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു. കാര്‍ കുട്ടികളെ ഇടിച്ചിട്ട് നിര്‍ത്താതെ കടന്നു പോകുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു നിരത്തില്‍ നിന്നാണ് പൊലീസ് പിന്നീട് കാര്‍ കണ്ടെടുത്തതും ബിജുവിനെ അറസ്റ്റ് ചെയ്തതും. അപകടത്തില്‍ പരുക്കേറ്റിരുന്ന കെയ്ഡന്‍ മക്ഫീ എന്ന പതിനഞ്ചുകാരന്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ വച്ച് മരിച്ചു.

ബ്ലേക്ക് ഒ നെയില്‍ എന്ന പതിനാറുകാരനും ഗുരുതരമായി പരുക്കേറ്റെങ്കിലും പിന്നീട് അപകടനില തരണം ചെയ്തിരുന്നു. മറ്റൊരു പന്ത്രണ്ടുകാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വളരെ കൂടിയ വേഗതയില്‍ അപകടകരമായ രീതിയിലാണ് ബിജു വാഹനമോടിച്ചത് എന്ന സാക്ഷി മൊഴിയും കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചതായി കോടതി നിരീക്ഷിച്ചു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയത് തനിക്ക് നേരെ അക്രമം ഭയന്നാണ് എന്നയിരുന്നു ബിജുവിന്റെ മൊഴി.

എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തുകയും, തന്റെ തെറ്റില്‍ പശ്ചാത്തപിക്കുന്നു എന്ന ബിജുവിന്റെ മൊഴി കോടതി അംഗീകരിക്കുകയും ചെയ്തു. മദ്യപാന ശീലമില്ലാതിരുന്ന ബിജു ചില മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് മദ്യപിക്കുകയായിരുന്നു എന്നാണ് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ബിജു പൗലോസിന് 9 വര്‍ഷം ശിക്ഷ ലഭിക്കുമെകിലും 7 ആം വര്‍ഷം മുതല്‍ പരോള്‍ അനുവദിക്കപ്പെടും.

Share this news

Leave a Reply

%d bloggers like this: