ഇറാന്‍-അമേരിക്ക പ്രതിഷേധം ശക്തമാകുന്നു; ട്രംപിന്റെ ഉപരോധം വകവെയ്ക്കാതെ യുറേനിയം സമ്പൂഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് ഹസന്‍ റുഹാനി…

ദിവസങ്ങള്‍ കഴിയുംതോറും അമേരിക്കയും ഇറാനും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാവുകയാണ്. 2015-ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇറാന്‍. നേരത്തെ അമേരിക്കയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 3.67 ശതമാനം യുറേനിയമേ സമ്പുഷ്ടീകരിക്കൂ എന്ന് ഇറാന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് ആ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറുകയും, ഇറാനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെ 5 ശതമാനത്തില്‍ കൂടുതലായി യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പരിധി ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് ഇറാന്‍.

തങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസമാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കിയിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ അത് ഇറാന് കനത്ത തിരിച്ചടിയാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആണവ കരാര്‍ ദുര്‍ബലമായാല്‍ ഉണ്ടായേക്കാവുന്ന അപകടത്തെകുറിച്ചും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഹസ്സന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തി. ഇറാന്‍ അധികൃതരുമായി ഫോണില്‍ സംസാരിച്ച മാക്രോണ്‍ മറ്റ് ഘടകകക്ഷികളുമായി കൂടിയാലോചിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ്.

ഇറാന്‍ ആണവായുധ നിര്‍മ്മാണം കുറച്ചാല്‍ അവര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു 2015-ലെ കരാര്‍. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. 3.76 ശതമാനം യുറേനിയം സമ്പുഷ്ടീകരിക്കാവൂ എന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഒരു ഘട്ടത്തില്‍ ഇറാനില്‍ 10,000 കിലോഗ്രാമില്‍ കൂടുതല്‍ യുറേനിയം ഉണ്ടായിരുന്നു. അതിന്റെ 20% വരെ അവര്‍ സമ്പുഷ്ടീകരിക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാന്‍ യൂറോപ്യന്‍ യൂണിയനുമേലും ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ യൂണിയന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

ആയുധ നിര്‍മാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ നീങ്ങുകയാണെന്നു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പു നല്‍കിയിരുന്നു. 2015-ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശംവയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാല്‍, 300 കിലോഗ്രാമില്‍ കൂടുതല്‍ ആണവ ഇന്ധനം ഇറാന്‍ ശേഖരിച്ചതായാണ് യുഎന്നിന്റെ കീഴിലുള്ള രാജ്യാന്തര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: