കാര്‍ഗിലിന്റെ ഓര്‍മ്മകള്‍ക്ക് 20 വയസ്സ്: അതിക്രമമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി…

പാകിസ്താന് കടുത്ത താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള അനര്‍ത്ഥങ്ങള്‍ പാക് നടപടികളുടെ ഭാഗമായുണ്ടായാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റാവത്ത് പറഞ്ഞു. ഇനിയുള്ള തിരിച്ചടികള്‍ കൂടുതല്‍ ആക്രാമകവും പ്രവചനാതീതവുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂ ഡല്‍ഹിയില്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളം അതിന്റെ പ്രദേശങ്ങളെ പ്രതിരോധിക്കാന്‍ ദൃഢനിശ്ചയം കൊണ്ടവരാണെന്നും പാക് സഹായത്തോടെയുള്ള ഭീകരാക്രമണങ്ങളും മറ്റ് അനര്‍ത്ഥങ്ങളും മേഖലയിലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരിക. ഭാവിയില്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കും. സൈനികര്‍ തന്നെയാണ് ഇന്ത്യയുടെ പ്രാഥമിക സ്വത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനു പുറത്തുള്ള സംഘങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുകയും പിന്നീട് കൈകഴുകുകയും ചെയ്യുന്ന പാകിസ്താന്റെ രീതിയെക്കുറിച്ചും ബിപിന്‍ റാവത്ത് സംസാരിച്ചു. സൈബര്‍ ലോകവും ബഹിരാകാശ സാങ്കേതികതകളും യുദ്ധങ്ങളുടെ ലോകത്തെ വലിയ തോതില്‍ മാറ്റിത്തീര്‍ത്തതിനെക്കുറിച്ചും റാവത്ത് പ്രതികരിച്ചു. ഭീകരതയ്‌ക്കെതിരെ ശക്തമായ നില കൈവരിച്ച രാഷ്ട്രീയ-സൈനിക സാഹചര്യമാണ് രാജ്യത്തുള്ളതെന്നും റാവത്ത് പറഞ്ഞു. ഇത് ഉറി, ബാലാകോട്ട് മിന്നലാക്രമണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.

നിയന്ത്രണരേഖ കടന്ന് ചൈനീസ് സൈന്യം ഇന്ത്യയില്‍ പ്രവേശിച്ചെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം നിഷേധിച്ചു. ചൈനീസ് സൈന്യം നിയന്ത്രണ രേഖ കടന്നെന്ന് പറയുന്ന സന്ദര്‍ഭത്തില്‍ മറ്റൊരു സംഭവമാണുണ്ടായത്. ഇന്ത്യയുടെ ഭാഗത്തെ ഡെംചോക്കില്‍ ടിബറ്റുകാര്‍ പ്രദേശികമായി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇത് കണ്ട് എന്താണെന്നറിയാനായി ചൈനീസ് സൈനികര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വരെ എത്തിയിരുന്നു. ഇത് അതിക്രമിച്ചു കടക്കലായിരുന്നില്ലെന്ന് റാവത്ത് വിശദീകരിച്ചു.

Share this news

Leave a Reply

%d bloggers like this: