നീല്‍ ആംസ്‌ട്രോങ്ങിന്റെ മരണത്തിലെ ദുരൂഹത ; വാര്‍ത്ത പുറത്തുവന്നത് രഹസ്യവിവരങ്ങള്‍ ഒരു അജ്ഞാതന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയതിലൂടെ

ന്യൂയോര്‍ക്ക് : നീല്‍ ആംസ്‌ട്രോങ്ങിന്റെ മരണം ചികിത്സാപിഴവുമൂലം സംഭവിച്ചതാണെന്ന് റിപ്പോര്‍ട്ട്. മാനവരാശി ചന്ദ്രനെ തൊട്ടറിഞ്ഞതിന്റെ 50 മത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. എന്നാല്‍ മനുഷ്യരാശിയുടെ തലയെടുപ്പ് ചന്ദ്രനോളം ഉയര്‍ത്തിയ ആ മഹാന്‍ ചികിത്സാ പിഴവുമൂലമാണ് മരിച്ചതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2012-ല്‍ സിന്‍സിനാറ്റി ആശുപത്രിയില്‍വെച്ച് നീല്‍ ആംസ്‌ട്രോംഗ് മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് കേവലം രണ്ടാഴ്ചയേ പിന്നിട്ടിരുന്നുള്ളു. അദ്ദേഹത്തിന്റെ കുടുംബം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ഹൃദയം തൊടുന്ന ആദരാഞ്ജലിയാണ് അര്‍പ്പിച്ചത്.

‘നീല്‍ ആംസ്ട്രോംഗ് കാഴ്ചവെച്ച സേവനത്തേയും, നേട്ടങ്ങളേയും, ബഹുമാനിക്കുക. അടുത്ത പൌര്‍ണ്ണമിയുടെ അന്ന് നിങ്ങള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ ചന്ദ്രന്‍ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കാണും. അപ്പോള്‍ അദ്ദേഹത്തെയോര്‍ക്കുക. ഒന്നിമവെട്ടുക’, അത്രമാത്രം ഇതായിരുന്നു ആ കുടുംബത്തിന്റെ വാക്കുകള്‍.

എന്നാല്‍ ശസ്ത്രക്രിയാനന്തര ചികിത്സയിലെ പാളിച്ചകളാണ് തങ്ങളുടെ പിതാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആംസ്‌ട്രോംഗിന്റെ രണ്ട് ആണ്‍മക്കളും അറിഞ്ഞിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ആശുപത്രി ഈ ആരോപണത്തെ ശക്തമായി പ്രതിരോധിച്ചു. എന്നാല്‍, വളരെ രഹസ്യമായി പ്രശ്‌നം പരിഹരിക്കുന്നതിനും, അപകീര്‍ത്തിയില്‍നിന്നും രക്ഷപ്പെടുന്നതിനും വേണ്ടി ആശുപത്രി അധികൃതര്‍ ആംസ്‌ട്രോംഗിന്റെ കുടുംബത്തിന് 6 മില്യണ്‍ ഡോളര്‍ നല്കിയെന്നതിനെ സാധൂകരിക്കുന്ന ഒരു രേഖ ന്യൂയോര്‍ക്ക് ടൈംസിന് ലഭിക്കുകയായിരുന്നു.

ചികിത്സയുമായും നിയമ നടപടികളുമായും ബന്ധപ്പെട്ട 93 പേജുള്ള രേഖകള്‍ ഒരു അജ്ഞാതന്‍ അയച്ചുതന്നു എന്നാണ് ഈ മാധ്യമം അവകാശപ്പെടുന്നത്. ചികിത്സാപ്പിഴവ് മൂടി വെയ്ക്കാന്‍ ആശുപത്രി നല്‍കിയ തുക മക്കള്‍ പങ്കിട്ടെടുത്തു എന്നാണ് രഹസ്യ വിവരത്തില്‍ ഉള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: