ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ മോചിപ്പിച്ചു


ടെഹ്റാന്‍ : ഇറാന്‍ പിടിച്ചെടുത്ത എം ടി റിയ എന്ന കപ്പലിലുണ്ടായിരുന്ന12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. എം ടി റിയയില്‍ നിന്നുള്ള മൂന്ന് പേരും ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ സ്റ്റെന ഇംപെറോയില്‍ നിന്നുള്ള 18 പേരുമടക്കം 21 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാനില്‍ തടങ്കലില്‍ കഴിയുകയാണ്. കൂടാതെ, ജിബ്രാള്‍ട്ടര്‍ പോലീസ് അധികൃതര്‍ തടഞ്ഞുവച്ച ഗ്രേസ്-1 എന്ന കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യന്‍ ക്രൂ അംഗങ്ങളും തടങ്കലിലാണ്.

അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് സ്റ്റെന ഇംപെറോ പിടിച്ചെടുത്തത്. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ലണ്ടന്‍ ഹൈക്കമ്മീഷന്‍ യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചിരിക്കുന്നത്.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം 4-നാണ് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വെക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമെന്ന നിലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. എല്ലാ കപ്പലുകളും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സജീവമാണ്.

Share this news

Leave a Reply

%d bloggers like this: