മാലിദ്വീപ് മുന്‍ വൈസ് പ്രസിഡണ്ട് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പിടിയില്‍…

മാലിദ്വീപ് മുന്‍ വൈസ് പ്രസിഡണ്ട് അഹമ്മദ് അദീബ് അബ്ദുല്‍ ഗഫൂര്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അറസ്റ്റിലായി. ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തില്‍ വന്നിറങ്ങിയ അദീബിനെ ഇന്റലിജന്‍സ് ബ്യൂറോ ഏജന്‍സി പിടികൂടുകയായിരുന്നു. മുന്‍ പ്രസിഡണ്ട് അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ചതിന് വിചാരണ നേരിടുന്നയാളാണ് അദീബ്.

തൂത്തുക്കുടി തുറമുഖത്തില്‍ ഒരു ചരക്കു കപ്പലിലേറിയാണ് അഹ്മദ് അദീബ് എത്തിയത്. ഇന്തോനീഷ്യയിലേക്ക് പോയി മടങ്ങുകയായിരുന്ന കപ്പലിലാണ് അദീബ് ഇടെപിടിച്ചത്. ഒമ്പത് ക്രൂ മെമ്പര്‍മാരാണ് ജൂലൈ 11ന് ഇന്തോനീഷ്യയിലേക്ക് പുറപ്പെടുമ്പോള്‍ കപ്പലിലുണ്ടായിരുന്നത്. 27ന് തിരിച്ചുവരുമ്പോള്‍ എണ്ണത്തില്‍ ഇവര്‍ക്കൊപ്പം ഒരാള്‍ കൂടി കൂടി. കപ്പലിന്റെ ഏജന്റിനോട് പുതിയൊരാള്‍ കൂടി കയറിയ വിവരം ക്ര്യൂ മെമ്പര്‍മാരിലൊരാളാണ് അറിയിച്ചത്. ഈ വിവരം ലഭിച്ചതോടെ കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറുകയും അദീബിനെ ചോദ്യം ചെയ്യുകയും ചെയ്തു.

അദീബിനെ ഇന്ത്യ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരാണ് അദീബിനെ കപ്പലില്‍ കയറാന്‍ സഹായിച്ചതെന്നത് വ്യക്തമല്ല. ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ അദീബിനെതിരെ ഗൗരവമേറിയ കുറ്റങ്ങളൊന്നും ചാര്‍ത്താനിടയില്ല. വേഗം തിരിച്ചയയ്ക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞമാസം അദീബ് ഇന്ത്യയിലുണ്ടായിരുന്നു. പൂനെയില്‍ കണ്ണ് ശസ്ത്രക്രിയയ്ക്ക് വന്നതായിരുന്നു. ഇപ്പോള്‍ ഒളിച്ചുവന്നതിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: