ശ്രീറാം വെങ്കിട്ടരാമന് പ്രത്യേക തരം മറവി രോഗമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം : അമിത വേഗതയില്‍ കാറോടിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മാനസിക ശാരീരിക ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാരുടെ പ്രതികരണം പുറത്തുവന്നു. ശ്രീറാമിന് റിട്രോഗ്രെഡ് അംനേഷ്യ എന്ന മറവി രോഗം ബാധിച്ചതായി ഡോക്ടര്‍മാര്‍. ഏതെങ്കിലും പ്രത്യേക സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനേഷ്യ. ഒരു സംഭവത്തെക്കുറിച്ച് എന്നെന്നേക്കുമായി മറന്നു പോകുന്ന സ്ഥിതിയാണിത്.

സംഭവമേല്‍പ്പിച്ച ആഘാതം മറികടന്നാല്‍ ഒരുപക്ഷെ ഓര്‍ത്തെടുക്കാനും സാധിച്ചേക്കും എന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. ശ്രീരാമിന് തലവേദനയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴുത്തില്‍ പരിക്കേറ്റിട്ടുണ്ട്. റിമാന്‍ഡിലായിരിക്കെ ഇദ്ദേഹം സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. ഇവിടെ നിന്ന് ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലാണ് ഇദ്ദേഹത്തെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്രീറാം മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു . ഇദ്ദേഹത്തിന് മാനസികരോഗ വിദഗ്ധന്റെ സഹായം ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെ കേസുകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആഭ്യന്തരവകുപ്പും ഉന്നത ഉദ്യോഗസ്ഥരും ശ്രമം നടത്തുന്നുവെന്ന ആരോപണം വ്യാപകമായ സന്ദര്‍ഭത്തിലാണ് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത് .

Share this news

Leave a Reply

%d bloggers like this: