2 പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഉടന്‍ നഷ്ടപ്പെട്ടേക്കും, പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ പൊതുതിരഞ്ഞെടുപ്പില്‍ ലഭിക്കാത്തതിനാല്‍ സി.പി.ഐയുടെയും എന്‍.സി.പിയുടെയും പദവി നഷ്ടപ്പെട്ടേക്കും. ദേശീയ പാര്‍ട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ കിട്ടാത്തതുകൊണ്ടാണിത്. 2019ലെ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടികളുടെ പദവിയെകുറിച്ചുള്ള പുന:പരിശോധന 2024 ലെ തിരഞ്ഞെടുപ്പുകഴിയുന്നതുവരെ മാറ്റിവയ്ക്കാന്‍ ചില പാര്‍ട്ടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. സി.പി.ഐ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് കമ്മിഷനെ സമീപിച്ചത്.

ദേശീയ പാര്‍ട്ടി പദവി പിന്‍വലിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ കാണിക്കാനായി ജൂലായ് 18നാണ് ഈ പാര്‍ട്ടികള്‍ക്ക് കമ്മിഷന്‍ നോട്ടീസ് നല്‍കിയത്. ആഗസ്ത് 5 വരെയാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കമ്മിഷന്‍ സമയം നല്‍കിയിരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബി.എസ്.പി, സി.പി.ഐ , എന്‍.സി.പി എന്നിവയുടെ ദേശീയ പാര്‍ട്ടി പദവി പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു പൊതുതിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് കമ്മിഷന്‍ എത്തുകയായിരുന്നു.2019ലെ പൊതുതിരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് ലോക്‌സഭയില്‍ ആകെ രണ്ട് അംഗങ്ങളെ മാത്രമാണ് ലഭിച്ചത്. തമിഴ് നാട്ടില്‍ നിന്നുള്ളവരാണ് ആ അംഗങ്ങള്‍.

ഇലക്ഷന്‍ കമ്മിഷന്റെ 1968ലെ ഉത്തരവ് പ്രകാരം ദേശീയ പാര്‍ട്ടി പദവിക്കായി നാലോ അധികമോ സംസ്ഥാനങ്ങളില്‍ ആറ് ശതമാനത്തിലധികം വോട്ട് നേടണം. അതല്ലെങ്കില്‍ ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെ സീറ്റിന്റെ രണ്ടു ശതമാനം സീറ്റ് നേടിയിരിക്കണം. അതുമല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി അംഗീകാരം കിട്ടിയാലും ദേശീയ പാര്‍ട്ടി പദവി നേടാം.സി.പി.എമ്മിനാകട്ടെ കേരളം, തമിഴ് നാട്, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുണ്ട് എന്നാല്‍ ബി.എസ്.പി. സി.പി.ഐ , എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ക്ക് ഈ നിബന്ധന പാലിക്കാനായിട്ടില്ല. അതേസമയം ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടികളിലൊന്നാണ് തങ്ങളുടേതെന്നും തങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നെന്നും ഇതു ചൂണ്ടിക്കാട്ടി അംഗീകാരം റദ്ദാക്കരുതെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. എന്‍.സി.പിയാകട്ടെ വരാനിരിക്കുന്ന മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് കമ്മിഷനോട് ആവശ്യപ്പെട്ടു

Share this news

Leave a Reply

%d bloggers like this: