വെള്ളക്കെട്ട് ഒഴിയുന്നു ; കൊച്ചി എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി : ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയതായി എയര്‍ പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഞായറാഴ്ച്ച വൈകീട്ട് 3 മണിയോടെ തന്നെ സര്‍വ്വീസ് പുനരാരംഭിക്കും.

റണ്‍വെ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് സിയാല്‍ ഡയറക്ടര്‍ അറിയിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിയിരുന്ന വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള തുടര്‍ സര്‍വ്വീസുകള്‍ക്കായി പോയി. യാത്രക്കാരില്ലാതെയാണ് ആറ് വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് പോയത്. ബാക്കിയുള്ള രണ്ട് വിമാനങ്ങള്‍ വിമാനത്താവളം തുറന്നതിന് ശേഷം യാത്രക്കാരുമായി പുറപ്പെടുമെന്നാണ് വിവരം.

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് എയര്‍ പോര്‍ട്ട് അടച്ചിട്ടത്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ബാംഗളൂരുവിലേക്കും, തിരുവനന്തപുരത്തേക്കും തിരിച്ചു വിട്ടിരുന്നു. പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ട് വഴി റണ്‍വേയിലേക്ക് വെള്ളം കയറിയതോടെ വ്യാഴാഴ്ച്ച രാത്രിയോടെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിയുകയും ചെയ്തിരുന്നു. വിമാനത്താവളം അടക്കുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചി എയര്‍പോര്‍ട്ട് അടച്ചിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: