മരണത്തിലും പൊന്നോമനയുടെ കൈ മുറുകെ പിടിച്ച് ഒരമ്മ; കോട്ടക്കുന്നില്‍ നിന്നും ഹൃദയം വിങ്ങുന്ന കാഴ്ചയില്‍ പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍

മലപ്പുറം കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായി കാണാതായ മൂന്നംഗ കുടുംബത്തില്‍ അമ്മയുടെയും ഒന്നരവയസ്സുകാരന്‍ മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം ചാത്തംകുളം സത്യന്റെ ഭാര്യ സരസ്വതി (45), മരുമകള്‍ ഗീതു (21), ഗീതുവിന്റെ മകന്‍ ഒന്നരവയസ്സുകാരന്‍ ധ്രുവന്‍ എന്നിവരെയാണു കാണാതായത്. ഇവരില്‍ ഗീതു, ധ്രുവന്‍ എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.

പുത്തുമലയ്ക്കും, കവളപ്പാറയ്ക്കും പുറമെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. കുന്നിന്റെ വശത്ത് താമസിച്ചിരുന്ന ശരത്തിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്. വെള്ളപ്പാച്ചിലില്‍ സമീപത്തെ ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് ഓടിമാറുകയായിരുന്നു ശരത്. വഴുതിവീണെങ്കിലും, പിന്നീടുവന്ന മണ്ണ് മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയതാണ് ശരത്തിന് രക്ഷയായത്.

അപകടത്തിന് പിന്നാലെ തുടര്‍ച്ചയായി പെയ്ത കനത്ത മഴയായിരുന്നു ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ച അപകടം നടന്നെങ്കിലും ഞായറാഴ്ച മാത്രമായിരുന്നു ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും മകന്‍ ധ്രുവന്റെയും മൃതദേഹം കണ്ടത്താനായത്. ഒരുപാട് പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ ഗീതുവിനെ കണ്ടെത്തിയത്. എന്നാല്‍ ഒന്നരവയസ്സുകാരന്‍ ധ്രുവിനെ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അധികം പണിപ്പെടേണ്ടിവന്നില്ല. മണ്ണിനടിയില്‍നിന്നു പുറത്തെത്തിക്കുമ്പോള്‍ മകന്‍ ധ്രുവന്റെ കയ്യില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. എന്നാല്‍, ശരത്തിന്റെ അമ്മ സരസ്വതിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ശരതിന്റെ കണ്‍മുന്‍പില്‍ വച്ചാണ് അമ്മയും ഭാര്യയും കുഞ്ഞും കൈവഴുതി മണ്ണിനടിയിലാവുന്നത്. കോട്ടക്കുന്നിന്റെ ചെരിവില്‍നിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാന്‍ ഉച്ചയ്ക്ക് 1.20 സമയത്ത് മകന്‍ ശരതിന് മണ്‍വെട്ടി നല്‍കാന്‍ റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. ഇതിനിടെയായിരുന്നു അപകടം. അമ്മയുടെ കൈപിടിച്ച് ശരത് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആര്‍ത്തലച്ചെത്തിയ മണ്ണിനും മരങ്ങള്‍ക്കുമിടയില്‍ സരസ്വതി മറയുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: