നെതര്‍ലാന്‍ഡ്‌സില്‍ അരലക്ഷത്തോളം മലയാളി നഴ്‌സുമാര്‍ക്ക് അവസരം

കൊച്ചി : യൂറോപ്പ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ്‌സില്‍ മലയാളി നഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുന്നു. ഇന്ത്യയിലെ ഡച്ച് സ്ഥാനപതിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . നെതര്‍ലാന്‍ഡ്സിലേക് അരലക്ഷത്തോളം നഴ്‌സുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 40,000 പേര്‍ക്ക് അവസരം ലഭിക്കും. ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം ഫേസ്ബുക്കില്‍ അറിയിച്ചത്.

നെതര്‍ലന്‍ഡ്‌സില്‍ നിലവില്‍ 30000-40000 നഴ്‌സുമാരുടെ കുറവുണ്ടെന്ന് സ്ഥാനപതി അറിയിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് ഡച്ച് സ്ഥാനപതിയുടെ വാഗ്ദാനം. കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണ് എന്ന് സ്ഥാനപതി അറിയിച്ചു. തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരളത്തിലെ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നെതര്‍ലാന്‍ഡ്സ് സഹകരണം ഉറപ്പ് നല്‍കിയിരുന്നു. നെതര്‍ലന്‍ഡ്‌സ് രാജാവും, രാജ്ഞിയും ഒക്ടോബര്‍ 17,18 തിയ്യതികളില്‍ കൊച്ചിയിലെത്തും. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം പോര്‍ട്ട് സഹകരിച്ച് അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്‍പ്പനയും വികസനവും നടത്താനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: