ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീ ആമസോണില്‍ എന്ന് ബ്രസീല്‍ സ്‌പേസ് ഏജന്‍സി

സാവോ പോളോ: ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളില്‍ ഈ വര്‍ഷം റെക്കോര്‍ഡ് തീപിടിത്തമാണു ഉണ്ടായതെന്ന് ബ്രസീലിയന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018 ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 83% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ഏജന്‍സിയുടെ തലവനെ പുറത്താക്കി ആഴ്ചകള്‍ കഴിയും മുന്‍പെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

തീപിടുത്തത്തില്‍ നിന്നുള്ള പുക തിങ്കളാഴ്ച സാവോ പോളോ നഗരത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കി. ആമസോണിലെ വനങ്ങള്‍ മുറിച്ചുമാറ്റാന്‍ മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്ന് വനസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,000 ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. 2013-നു ശേഷം ഉണ്ടായ റെക്കോര്‍ഡു തീപിടുത്തമാണിത്. കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ 9,500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായി. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറൈമ ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

വരണ്ട കാലങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും അനുസ്യൂതമായി നടക്കുന്നുമുണ്ട്. എല്ലാ ആധികാരിക വിവരങ്ങളേയും തള്ളിക്കളയുന്ന ബോള്‍സോനാരോ, കര്‍ഷകര്‍ ഭൂമി വൃത്തിയാക്കാന്‍ കാട് വെട്ടിമാറ്റി തീയിടുമ്പോള്‍ ഉണ്ടാകുന്ന പുകയാണത് എന്നാണ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അസാധാരണമാംവിധം കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: