ചിദംബരം അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി ജോര്‍ബാഗിലെ വസതിയിലെത്തിയാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിയത്. ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേയ്ക്ക് പി ചിദംബരത്തെ കൊണ്ടുപോയി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇരു ഏജന്‍സികളും ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും സുപ്രീ്ം കോടതി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്. വെള്ളിയാഴ്ച ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും.

ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് മതില്‍ ചാടിയാണ് സിബിഐ സംഘം വീട്ടിലെത്തിയത്. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും നിയമപരിരക്ഷ തേടുക മാത്രമാണ് ചെയ്തത് എന്നും ചിദംബരം എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ ഒരു കുറ്റപത്രവുമില്ലെന്നും ചിദംബരം പറഞ്ഞിരുന്നു.

ഇന്നലെ സിബിഐ സംഘമെത്തിയപ്പോള്‍ ചിദംബരം വീട്ടിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെ സിബിഐ സംഘമെത്തിയപ്പോളും ചിദംബരമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെടുന്ന നോട്ടീസ് വീടിന് മുന്നില്‍ പതിച്ച് മടങ്ങുകയാണ് സിബിഐ സംഘം മടങ്ങിയത്. ചിദംബരം എവിടെയാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിരുന്നില്ല. കപില്‍ സിബലും മനു അഭിഷേക് സിംഗ് വിയും വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത് എങ്കിലും നാടകീയമായി ചിദംബരമെത്തി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുക.

എഐസിസി ആസ്ഥാനത്തേയ്ക്ക് കയറാന്‍ സിബിഐ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ജോര്‍ ബാഗിലെ ചിദംബരത്തിന്റെ വസതിക്ക് മുന്നില്‍ ചോര്‍, ചോര്‍ (കള്ളന്‍) വിളികളുമായി ബിജെപി അനുകൂലികളെന്ന് കരുതുന്ന ഒരു സംഘവും, മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. എത്തിയിട്ടുണ്ട്. കപില്‍ സിബലും മനു അഭിഷേക് സിംഗ് വിയും അടക്കമുള്ള അഭിഭാഷകരായ കോണ്‍ഗ്രസ് നേതാക്കളുമായി മുന്‍ സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ചിദംബരം ചര്‍ച്ച തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: