കാലാവസ്ഥ വ്യതിയാനം ഇന്തോനേഷ്യ തലസ്ഥാനം മാറ്റുന്നു

ജക്കാര്‍ത്ത : മുങ്ങിക്കൊണ്ടിരിക്കുന്ന ജക്കാര്‍ത്തയ്ക്ക് പകരം മറ്റൊരു തലസ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്തോനേഷ്യ. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘതങ്ങള്‍ ഏറ്റുവാങ്ങി ഏതു നിമിഷവും മുങ്ങാവുന്ന അവസ്ഥയിലാണ് ഈ തലസ്ഥാന നഗരി. ബോര്‍ണിയോ ദ്വീപ് ആണ് തലസ്ഥാനത്തിനായി ഇന്തോനേഷ്യ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആമസോണിന്റെ പോലെ ഉഷ്ണമേഖലാ മഴക്കാടായ ബോര്‍ണിയോ ദ്വീപ് തലസ്ഥാനമാക്കിയാല്‍ ഭൂമിയിലെ മറ്റൊരു ശ്വാസകോശം കൂടിയാണ് ഇല്ലാതാക്കുക. ചതുപ്പുനിലമായിരുന്ന ഭൂമിയിലെ മോശം നഗരാസൂത്രണവും നിയന്ത്രണാതീതമായ ജലസംഭരണികളും ജക്കാര്‍ത്ത നഗരത്തിന്റെ 40 ശതമാനവും വെള്ളത്തിനടിയിലാക്കി.

ജക്കാര്‍ത്തയില്‍ പ്രതിവര്‍ഷം 10-20 സെന്റിമീറ്റര്‍ ജലനിരപ്പുയരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും വലിയ നിരക്കാണിത്. പ്രതിരോധം തീര്‍ക്കാനുള്ള സര്‍ക്കാര്‍തല നടപടികള്‍ കൈകൊണ്ടിട്ടുണ്ടെങ്കിലും അതും വേണ്ട വേഗതയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
താങ്ങാവുന്നതിലും അധികം പാരിസ്ഥിതിക സമ്മര്‍ദം ഇപ്പോള്‍ ജക്കാര്‍ത്ത നേരിടുന്നുണ്ടെന്നും അതിനാല്‍ മാറ്റം അനിവാര്യമാണെന്നുമാണ് പ്രസിഡന്റ് ജോക്കോ വിഡോഡോ പറയുന്നത്. എന്നാല്‍ 33 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചുകൊണ്ടുള്ള ഈ സ്ഥലംമാറ്റം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് മറ്റൊരു പാരിസ്ഥിതിക ദുരന്തത്തില്‍ കലാശിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മലിനീകരണത്തിന്റെയും ഗതാഗതക്കുരുക്കിന്റെയും ഗുരുതരമായ പ്രശ്നങ്ങള്‍ക്കൊപ്പം സമുദ്ര ജലനിരപ്പുയരുന്നതുമാണ് ജക്കാര്‍ത്തയെ അപകടത്തിലാക്കുന്നത്. 1,000 കിലോമീറ്റര്‍ അകലെയുള്ള ബോര്‍ണിയോ ദ്വീപിന്റെ ഇന്തോനേഷ്യന്‍ ഭാഗമായ കലിമന്തനിലേക്ക് ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ മാറ്റാനാണ് ഇന്തോനേഷ്യ തീരുമാനിച്ചിരിക്കുന്നത്. മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഭൂപ്രദേശമാണിത്. എന്നാല്‍ ജക്കാര്‍ത്ത വാണിജ്യ, സാമ്പത്തിക കേന്ദ്രമായി തുടരും. കൂടാതെ ഏകദേശം 10 ദശലക്ഷം പ്രദേശവാസികളും അവിടെത്തന്നെ താമസിക്കും. പാര്‍ലമെന്റിന്റെ അനുമതികൂടെ ലഭിച്ചാല്‍ 40,000 ഹെക്ടര്‍ സ്ഥലത്ത് പുതിയ തലസ്ഥാനത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷംതന്നെ ആരംഭിക്കും

Share this news

Leave a Reply

%d bloggers like this: